കൊച്ചി: സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ക്ക് 1963ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട്സ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ നെയ്യാറ്റിന്‍കര നഗരസഭ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു.
നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ജിംനേഷ്യത്തിനെതിരെ സമീപവാസിയായ സി. ധന്യയടക്കം നല്കിയ ഹര്‍ജിയിലാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്ന് സിംഗിള്‍ ബെഞ്ച് നിഷ്കര്‍ഷിച്ചത്.
ഇതനുസരിച്ച് ഹര്‍ജിയിലെ എതിര് കക്ഷിയായ ജിംനേഷ്യത്തിന്റെ ഉടമസ്ഥന് ലൈസന്‍സിനു നല്കിയ അപേക്ഷ പരിഗണിച്ച് നെയ്യാറ്റിന്‍കര നഗരസഭ ഒരുമാസത്തിനകം തീരുമാനമെടുക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. 1994ല്‍ കേരള മുനിസിപ്പാലിറ്റീസ് ആക്ട് നിലവില്‍ വന്നതോടെ 1963ലെ കേരള പ്ലേസ് ഒഫ് പബ്ലിക് റിസോര്‍ട്ട്സ് ആക്ട് ബാധകമല്ലെന്നാണ് അപ്പീലില്‍ നഗരസഭയുടെ വാദം.
ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ്: ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
12:49 AM Aug 13, 2022 | Deepika.com