കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി അവഗണിക്കാതെ പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കാന്‍ കേന്ദ്രസേനയുടെ സഹായം തേടാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഉള്‍പ്പെടെ പരിഗണിക്കവെ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇതുവാക്കാല് പറഞ്ഞത്.
ഹര്‍ജി പരിഗണിക്കവെ, തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം എന്താണെന്ന് ഈഘട്ടത്തില്‍ ഡിവിഷന് ബെഞ്ച് ചോദിച്ചു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ട പള്ളികളില്‍ യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ക്കാണ് ഭൂരിപക്ഷമെങ്കില് അവരുടെ ആത്മീയ കാര്യങ്ങള്‍ക്കു യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള വികാരിയെ നിയമിക്കാനാകുമോയെന്നും ആരാഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും സുപ്രീംകോടതിയുടെ വിധി നടപ്പാക്കുകയാണ് വേണ്ടെന്നതെന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അഭിഭാഷകന് വാദിച്ചു. അപ്പീല്‍ സെപ്റ്റംബര്‍ 19ന് വീണ്ടും പരിഗണിക്കും.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം; സുപ്രീംകോടതി വിധി അവഗണിക്കാതെ പരിഹാരം കാണാനുള്ള ശ്രമമെന്ന് ഹൈക്കോടതി
01:43 AM Aug 11, 2022 | Deepika.com