കൊച്ചി: ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്താതെ വനാതിര്‍ത്തിക്കു പുറത്തേക്കു വ്യാപിപ്പിക്കുന്ന ഏതൊരു സര്‍ക്കാര്‍ ഉത്തരവും ക്രമേണ കര്‍ഷകഭൂമി വനഭൂമിയായി മാറ്റുന്ന സാഹചര്യം സൃഷ്ടിക്കുമെന്നു രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ജനവാസമേഖല ഒഴിവാക്കിയെന്ന മുടന്തന്‍ന്യായം മുഖവിലയ്ക്കെടുക്കാനാവില്ല. യാതൊരു നഷ്ടപരിഹാരവുമില്ലാതെ കര്‍ഷകഭൂമി കൈയേറുന്ന തന്ത്രമാണു വനംവകുപ്പിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബഫര്‍ സോണിലേക്കു വന്യമൃഗങ്ങള്‍ നിയന്ത്രണമില്ലാതെയിറങ്ങുമ്പോള്‍ കര്‍ഷകര്‍ ഭൂമിയുപേക്ഷിച്ച് പലായനം ചെയ്യും. സ്വാഭാവികമായും ഈ പ്രദേശങ്ങള്‍ വനമായി മാറും.
പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമായി മാത്രമേ സംസ്ഥാന സര്‍ക്കാരിന്റെ ഓഗസ്റ്റ് 10ലെ ഉത്തരവിനെ കാണാനാവൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ബഫര്‍ സോണ്‍ ഒരു കിലോമീറ്ററായി നിജപ്പെടുത്തി വനാതിര്‍ത്തിക്കു പുറത്തേക്കു വ്യാപിപ്പിച്ച് അന്തിമവിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഈ ഉത്തരവിലൂടെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
പുതിയ ഉത്തരവിലൂടെ എല്ലാ ഉത്തരവാദിത്വങ്ങളും വനംവകുപ്പിനെ ഏല്പിച്ചിരിക്കുമ്പോള്‍ ഭൂവുടമകള്‍ക്കു നീതി ലഭിക്കുമെന്നു കരുതാനാവില്ലെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ബഫര്‍ സോണ്‍: സര്‍ക്കാര്‍ ഉത്തരവുകള്‍ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
12:52 AM Aug 11, 2022 | Deepika.com