ബിജു കുര്യൻ
പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് 2019 - 20 വര്‍ഷത്തെ അധ്യാപക വിദ്യാര്‍ഥി അനുപാതം ബാധകമാക്കി ഉത്തരവ്. 2020 - 21, 2021 - 22 വര്‍ഷങ്ങളില്‍ തസ്തിക നിര്‍ണയം നടത്തിയിരുന്നില്ല. ഇതിനു മുമ്പുള്ള വര്‍ഷത്തെ മാനദണ്ഡം അതേപടി തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്ന ഇളവുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് തസ്തിക നിര്‍ണയം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞവര്‍ഷങ്ങളില്‍ സംരക്ഷിത അധ്യാപകരായി തുടര്ന്നിരുന്നവരുള്പ്പെടെയുള്ളവര്ക്ക് ജോലിയില്‍ തുടരാന്‍ ബുദ്ധിമുട്ടാകും.
ഉത്തരവനുസരിച്ച് ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ക്ക് 1: 30 ആണ് അനുപാതമായി നിശ്ചയിച്ചിരിക്കുന്നത്. അതായത് 30 വരെ കുട്ടികളുള്ള ക്ലാസിന് ഒരു അധ്യാപകന് എന്നതാകും മാനദണ്ഡം. 31 മുതല്‍ 60 വരെ കുട്ടികള്‍ക്ക് രണ്ടാമതൊരു അധ്യാപകന് ലഭിക്കും.
ആറു മുതല്‍ എട്ടുവരെ ക്ലാസുകള്‍ക്ക് അധ്യാപക വിദ്യാര്‍ഥി അനുപാതം 1: 35 ആയി മാറും. ഒമ്പത്, പത്ത് ക്ലാസുകള്‍ക്ക് അനുപാതം 1: 45 ആണെങ്കിലും ആദ്യത്തെ 50 കുട്ടികള്‍ക്ക് ഒരു അധ്യാപക തസ്തിക മാത്രമേ അനുവദിച്ചിട്ടൂള്ളൂ. 51 മുതല്‍ 95 വരെയുള്ള കുട്ടികള്‍ക്ക് രണ്ടാമതൊരു അധ്യാപകനെ നിയമിക്കാം. നേരത്തെ ഒമ്പത്, പത്ത് ക്ലാസുകള്‍ക്ക് 1: 40 അനുപാതമാണ് നിലവിലുണ്ടായിരുന്നത്. ഈ അനുപാതത്തില്‍ നിയമിക്കപ്പെട്ട നിരവധി അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് ബാധ്യതയാകും.
ഇവര്‍ക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകുമെന്ന് അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ വേണ്ട ഒമ്പത്, പത്ത് ക്ലാസുകളില്‍ 50 കുട്ടികള്‍വരെ ഒരു ക്ലാസിലുണ്ടാകണമെന്ന നിര്‍ദേശം പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാകുമെന്നും പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ പറഞ്ഞു.
എല്‍പി സ്കൂളുകളില്‍ 150 ലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കാനാകൂവെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
യുപി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം നൂറിലധികമാണെങ്കില് പ്രഥമാധ്യാപകന് ക്ലാസ് ചുമതലയില്‍ നിന്നൊഴിവാകാം.
2019 - 20 വര്‍ഷം അനുവദിക്കപ്പെട്ട ഡിവിഷന്റെ എണ്ണം അടിസ്ഥാനമാക്കിയാണ് ഇക്കൊല്ലം അധിക ഡിവിഷന് കണക്കാക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2019 - 20 വര്‍ഷം അനുവദിക്കപ്പെട്ടതില്‍ അധികമായി ഡിവിഷനോ തസ്തികയോ അര്‍ഹമാണെന്നു കണ്ടാല്‍ അത് അധിക ഡിവിഷനായി കണക്കാക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ അധിക ഡിവിഷന് കണക്കാക്കുമ്പോള്‍ എല്‍പി, യുപി, എച്ച്എസ് എന്നിവ പ്രത്യേക യൂണിറ്റായി കണക്കാക്കാനും ഉത്തരവില്‍ പറയുന്നു.
സ്കൂളുകളിലെ തസ്തിക നിര്‍ണയം: 2019-20 വര്‍ഷത്തെ മാനദണ്ഡം അടിസ്ഥാനം
02:06 AM Aug 09, 2022 | Deepika.com