കോഴിക്കോട്: സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി ഇര്‍ഷാദിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളെ നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘം നടപടികള്‍ ആരംഭിച്ചു.
ഇന്റര്‍പോള്‍ മുഖേന ഇവരെ ദുബായില്‍നിന്ന് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കാണു തുടക്കം കുറിച്ചത്. ദുബായില്‍നിന്ന് സ്വര്‍ണം കൊടുത്തുവിട്ട കോഴിക്കോട് കൈതപ്പൊയില്‍ ചിന്നിപ്പറമ്പില് മുഹമ്മദ് സ്വാലിഹ് (നാസര്‍ ) ആണു കേസിലെ ഒന്നാം പ്രതി. സഹോദരന് ചിന്നിപ്പറമ്പില് ഷംനാദ് രണ്ടാം പ്രതിയാണ്. ഇവര്‍ രണ്ടുപേരും ദുബായിലാണുള്ളത്. അവിടെനിന്നാണ് കൊലപാതകമടക്കമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്.
കണ്ണൂര്‍ പിണറായി മര്‍ഹബയില്‍ മര്‍ഷിദ് (32), പൊഴുതന ചിറക്കല്‍ സജീര്‍ (27), വൈത്തരി ചെറുമ്പാല ഷഹീല്‍ (26), കല്‍പ്പറ്റ കടുമിടുക്കില്‍ ജിനാഫ് (31) എന്നിവരെയാണു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ്ചെയ്തിട്ടുള്ളത് . ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള ഉവൈസ് എന്നയാളെക്കൂടി കിട്ടാനുണ്ട്.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ കുടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുബായില്‍നിന്നെത്തിയ ഇര്‍ഷാദ് പന്തിരിക്കര സ്വദേശി ഷെമീറിനാണു സ്വര്‍ണം കൈമാറിയത്. ഷെമീര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പോലീസ് ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിട്ട് കത്തികാട്ടി പോലീസിനെ ആക്രമിച്ചിരുന്നു.
പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ ആശുപത്രി വിടാത്ത സാഹചര്യത്തില്‍ പോലീസിനു കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇയാളെ ചോദ്യംചെയ്യുന്ന മുറയ്ക്കു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഉദ്യേഗസ്ഥര്‍ പറയുന്നു. 600 കോടിയുടെ ആസ്തി തനിക്ക് ഉണ്ടെന്നും തന്നെ ആര്‍ക്കും തൊടാന്‍ കഴിയില്ലെന്നും ഇര്‍ഷാദിന്റെ പിതാവ് നാസറിനെ വിളിച്ച് ദുബായിലുള്ള മുഹമ്മദ് സ്വാലിഹ് ഭീഷണിമുഴക്കിയതായി അഭിഭാഷകന് പറഞ്ഞു.
പ്രതികള്‍ക്കെതിരേ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇര്‍ഷാദിന്റെ കൊലപാതകം: ഇന്റര്‍പോള്‍ വഴി ഒന്നും രണ്ടും പ്രതികളെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി
01:09 AM Aug 09, 2022 | Deepika.com