കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ നടപടിയില്‍ കടുത്ത അസംതൃപ്തിയുമായി സിപിഎം സെക്രട്ടേറിയറ്റ്.
വിഷയത്തില്‍ കര്‍ശന നിലപാടെടുക്കാന്‍ സിപിഎം ജില്ലാഘടകത്തെ പാര്‍ട്ടി ചുമതലപ്പെടുത്തി. കടുത്ത നടപടിയുണ്ടാകുമെന്ന സൂചനയാണു പാര്‍ട്ടി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്നത്. മേയറെ സ്ഥാനത്തുനിന്നു നീക്കണമെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗവും സമൂഹമാധ്യമങ്ങളിലെ ഇടതു ചിന്തകരും ശക്തമായി വാദിക്കുമ്പോള്‍ മറ്റൊരു വിഭാഗം മേയര്‍ എന്ന നിലയില്‍ സ്വാഭാവിക കൃത്യനിര്‍വഹണമാണ് മേയര്‍ നടത്തിയതെന്ന് വാദിക്കുന്നു.
ഈ വിഭാഗം തിരുവനന്തപുരം മേയറുടെ ചില പ്രസ്താവനകളെ ബീനാഫിലിപ്പിന്റെതുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബീന ഫിലിപ്പിന് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും പാടില്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സംഘപരിവാര്‍ വേദിയില്‍ ഇടതു ആശയങ്ങള്‍ക്ക് പകരം പാര്‍ട്ടി നിലപാട് ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു ബീന ഫിലിപ്പിന്റെ പ്രസംഗം.
കേരളത്തേക്കാള്‍ മികച്ച ശിശുക്ഷേമം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്ന രീതിയിലായിരുന്നു മേയറുടെ പ്രസംഗം. ഏതു വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് മേയര്‍ ഇങ്ങനെ കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്നാണ് മേയറെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം.
മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണു മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിക്കഴിഞ്ഞു. മേയറുടെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞ സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന് ഇക്കാര്യത്തിലുള്ള അസം തൃപ്തി വ്യക്തമാക്കി.
മേയര്‍ ബീന ഫിലിപ്പിനെതിരേ കൂടുതല്‍ നടപടിക്കു സാധ്യത; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നു വിമര്‍ശനം
01:09 AM Aug 09, 2022 | Deepika.com