കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് പിന്‍വലിച്ചതിനെതിരെയുള്ള ഹര്‍ജികളിലെ വിശദീകരണത്തിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഫീസ് നല്‍കിയില്ലെന്ന പേരില്‍ ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെ പുറത്താക്കുന്നതടക്കമുള്ള നടപടികള്‍ അതുവരെ പാടില്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
ഹര്‍ജികള്‍ 28ലേക്ക് ഹൈക്കോടതി മാറ്റി. ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് പിന്‍വലിച്ച സാഹചര്യത്തില്‍ ഫീസടയ്ക്കാത്തതിനാല്‍ കോളജില്‍നിന്നു പുറത്താക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിയടക്കം നല്കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിയ ബിപിഎല്‍ വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പിന്‍വലിച്ച സാഹചര്യത്തില്‍ ഇവര്‍ എങ്ങനെ ഫീസ് നല്‍കുമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.
ഫീസ് നല്‍കാത്തതിന്റെ പേരില്‍ പുറത്താക്കരുതെന്ന് കോടതി
12:39 AM Aug 09, 2022 | Deepika.com