കൊച്ചി: രാജ്യത്ത് മാധ്യമങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പി. രാജീവ്. എന്തെങ്കിലും എഴുതിയാല്‍ നടപടിവരുമോ എന്ന ഭീതി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അതേസമയം ചില മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നതില്‍ നിന്നും എക്സിക്യൂട്ടിവ് മീഡിയ എന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എറണാകുളം വൈഎംസിഎ ഹാളില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന് കേരളയുടെ മൂന്നാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര മാധ്യമം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നവ ഇന്ന് അധികമില്ല. നിയമനിര്‍മാണ സഭകളും അത്തരത്തില്‍ മാറ്റപ്പെട്ടു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ കാണാനാകില്ല.
മാധ്യമങ്ങള്‍ തന്നെ കോര്‍പറേറ്റുകളായി മാറുന്ന സാഹചര്യവുമുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിന് കീഴടങ്ങിയിരിക്കുകയാണ്. മറ്റുസംസ്ഥാനങ്ങളിലെ മികച്ച വാര്‍ത്തകള്‍ രണ്ടും മൂന്നും പേജ് വാര്‍ത്തയാകുമ്പോള്‍ കേരളത്തിലെ ഇത്തരം സംഭവങ്ങള്‍ സിംഗിള്‍ കോളത്തില്‍ ഒതുങ്ങുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളിലും പെന്‍ഷന്റെ കാര്യത്തിലും സര്‍ക്കാരിന് അനുകൂല നിലപാട് ആണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
യൂണിയന് സംസ്ഥാന പ്രസിഡന്റ് എസ്.ആര്. ശക്തിധരന് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കെ. ജനാര്ദനന് നായര്‍, മേയര്‍ എം.അനില്‍കുമാര്‍, കെയുഡബ്ല്യുജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് വി.എം. വിനീത, കെ.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കപ്പെട്ടെന്നു മന്ത്രി പി. രാജീവ്
02:08 AM Aug 07, 2022 | Deepika.com