ചാലക്കുടി: വിജയരാഘവപുരം ഭാഗത്ത് റെയിൽവേ ട്രാക്കിനു സമീപം പാലക്കുഴി പാലത്തിൽനിന്നു തോട്ടിലേക്കു വീണ രണ്ടു സ്ത്രീകളിൽ ഒരാൾ മരിച്ചു. വി.ആർ. പുരം തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) ആണ് മരിച്ചത്. പരിക്കേറ്റ വി.ആർ.പുരം ചെന്പോത്തിപറന്പിൽ മുജീബിന്റെ ഭാര്യ ഫൗസിയയെ (40) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. വി.ആർ.പുരത്തുനിന്നു ചാലക്കുടിയിലേക്കു പോകുന്ന റോഡിൽ വെള്ളം കയറി കിടന്നിരുന്നതിനാൽ റെയിൽവേ പാലത്തിലൂടെയാണ് ടൗണിലെ കടകളിൽ ജോലിചെയ്യുന്ന ഇവർ നടന്നുപോയത്. ഇതിനിടെ ട്രെയിൻ വന്നപ്പോൾ ഇരുവരും തോട്ടിലേക്കു വീഴുകയായിരുന്നു.
കണ്ണമ്പുഴ ജോണ്‍സന്റെ ഭാര്യ ലാലിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ട്രെയിൻ വരുന്നതുകണ്ട് ലാലി പാലത്തിലേക്കു കയറാതിരുന്നതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. ദേവീകൃഷ്ണ തോട്ടിലെ ഒഴുക്കിൽപ്പെട്ട് കുറച്ചുദൂരം ഒഴുകിപ്പോയി.
ഫൗസിയയെ ഉടനെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ദേവീകൃഷ്ണയെ ഏറെനേരത്തെ തെരച്ചിലിനുശേഷമാണ് കണ്ടുകിട്ടിയത്.
റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് തോട്ടിൽവീണ യുവതി മരിച്ചു
01:04 AM Aug 07, 2022 | Deepika.com