തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഡയറക്ടേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റ്, റീജണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ ഓപ്പറേഷൻ റെഡ് ടേപ്പ് എന്ന പേരിൽ വിജിലൻസ് ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി.
ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പ്രമോഷൻ തസ്തികയിലും നേരിട്ടു നിയമനം ലഭിക്കേണ്ട തസ്തികയിലുമായി 733 നിയമനങ്ങൾ അംഗീകാരമാകാതെ വിവിധ ഓഫീസുകളിൽ കെട്ടികിടക്കുന്നതായി വിജിലൻസ് കണ്ടെത്തി. വിവിധ ആനുകൂല്യങ്ങൾക്കായുള്ള 66 ഫയലുകളും റീജണൽ ഡെപ്യൂട്ടി ഡയറക്ടേറ്റ് ഓഫീസുകളിൽ തീരുമാനമാകാതെ കിടക്കുന്നതും കണ്ടെത്തി.
കൂടുതൽ ഫയലുകൾ തീരുമാനമാകാതെ കിടന്നത് മലപ്പുറം ജില്ലാ ഓഫീസിലാണ്. മലപ്പുറത്ത് 648 ഫയലുകൾ നിയമനവുമായി ബന്ധപ്പെട്ട് പെൻഡിംഗാണ്. പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 28 ഫയലുകളും മാറ്റിയിട്ടിരിക്കുന്നതായും കണ്ടെത്തി. ഒട്ടുമിക്ക ഫയലുകളിലും അനാവശ്യ കാലതാമസം വരുത്തുന്നു.
കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടേറ്റിൽ നിയമനങ്ങൾക്കുള്ള 30 ഫയലുകളും മെഡിക്കൽ റീ ഇന്പേഴ്സ്മെന്റിനുള്ള ഏഴു ഫയലുകളും ലീവ് ആനുകൂല്യങ്ങൾക്കുള്ള നാലു ഫയലുകളും അനാവശ്യമായി വച്ചു താമസിപ്പിക്കുന്നു. അധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കുള്ള 54 ഫയലുകൾ പാസാക്കിയ ശേഷം പേയ്മെന്റ് നടത്തിയിട്ടില്ലെന്നു കണ്ടെത്തി.
എറണാകുളം റീജണൽ ഡെ പ്യൂട്ടി ഡയറക്ടേറ്റിൽ നിയമനത്തിനുള്ള 50 ഫയലുകളും അധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കുള്ള 10 ഫയലുകളിലും നടപടി സ്വീകരിച്ചില്ല. 2018ലെ ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകൾ ഇതുവരെ പരിഹരിച്ചിട്ടില്ല. പ്രോവിഡന്റ് ഫണ്ട് ക്ലോസ് ചെയ്യുന്നതിന് മാർച്ചിൽ നൽകിയ അപേക്ഷ നടപടി സ്വീകരിക്കാതെ മാറ്റിവച്ചിരിക്കുന്നു.
തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടേറ്റിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടു കണ്ടെത്തിയ മാനേജ്മെന്റുകളുടെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി യാതൊരു നടപടിയും എടുത്തിട്ടില്ല.
അധ്യാപകരുടെ വിവിധ ആനുകൂല്യങ്ങൾക്കുള്ള നിരവധി ഫയലുകൾ തീർപ്പാക്കാതെ വച്ചിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി. നടപടി സ്വീകരിക്കാതെ കണ്ടെത്തിയ ഓരോ ഫയലും വരുംദിവസങ്ങളിൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് ഏബ്രഹാം അറിയിച്ചു.
മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് അയച്ചു കൊടുക്കും.
അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നന്പരായ 1064 ലോ 8592 900900 എന്ന നന്പരിലോ വാട്സ് ആപ് നന്പരായ 9447789100 എന്നതിലോ ജനങ്ങൾക്ക് അറിയിക്കാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും റീജണൽ ഓഫീസുകളിലും വിജിലൻസ് റെയ്ഡ്
02:31 AM Aug 06, 2022 | Deepika.com