റെനീഷ് മാത്യു
കണ്ണൂർ: കർഷകർക്ക് മികച്ച സബ്സിഡിയിൽ കാർഷികയന്ത്രങ്ങൾ വാങ്ങാവുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ രജിസ്ട്രേഷൻ കേരളത്തിൽ നടക്കുന്നില്ല. ഈ സാന്പത്തികവർഷം പിന്നിട്ട് നാലുമാസത്തിലേറെയായിട്ടും പദ്ധതിക്കായുള്ള അപേക്ഷ ഓൺലൈൻ വഴി രജിസ്ട്രേഷൻ ചെയ്യാൻ കേരളത്തിൽ സാധിക്കുന്നില്ല. എന്നാൽ, അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും കർഷകർക്കു രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുന്നുമുണ്ട്.
സബ്സിഡി തുക കേന്ദ്രസർക്കാരിൽനിന്നു ലഭിക്കാത്തതാണു രജിസ്ട്രേഷൻ നടപടികൾ തടസപ്പെടാൻ കാരണമെന്നാണ് കൃഷിവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ, കാർഷികോപകരണങ്ങൾ വൻ തുക കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് കർഷകരും കർഷക കൂട്ടായ്മകളും.
കാർഷിക യന്ത്രവത്കരണ ഉപപദ്ധതി
കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാർഷികവികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണു കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM). ചെറുകിട യന്ത്രങ്ങൾ മുതൽ കൊയ്ത്തുമെതി യന്ത്രം വരെയും വിളസംസ്കരണവുമായി ബന്ധപ്പെട്ട ഡ്രയറുകൾ, മില്ലുകൾ തുടങ്ങിയവയും ഈ പദ്ധതി വഴി ഏതൊരു കർഷകനും കർഷക ഗ്രൂപ്പുകൾക്കും 40 ശതമാനം മുതൽ 80 ശതമാനം വരെ സാമ്പത്തികസഹായത്തോടുകൂടി സ്വന്തമാക്കാൻ സാധിക്കും.
രജിസ്ട്രേഷൻ ഓൺലൈൻ, സർക്കാർ ഓഫീസ് കയറിയിറങ്ങേണ്ട
പദ്ധതി പൂർണമായും ഓൺലൈൻ വഴിയാണു നടപ്പിലാക്കുന്നത്. agrimachinery.nic.in എന്ന വെബ്സൈറ്റ് വഴി ഏതൊരു കർഷകനും സ്വന്തം ആധാർ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ ഉപയോഗിച്ചു സ്വന്തമായിത്തന്നെ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. വെബ്സൈറ്റിൽ Registration ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചശേഷം പ്രൊഫൈൽ വഴി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുക.
തുടർന്ന് യന്ത്രങ്ങൾക്കായുള്ള അപേക്ഷ സമർപ്പിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈനായി ഡീലറെ തെരഞ്ഞെടുത്ത ശേഷം യന്ത്രങ്ങൾ വാങ്ങാവുന്നതാണ്. ഭൗതിക പരിശോധന കഴിയുന്നതനുസരിച്ച് സബ്സിഡി കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റാകും. കർഷകനോ കർഷക ഗ്രൂപ്പുകൾക്കോ ഒരു സർക്കാർ ഓഫീസുകളിലും പോകേണ്ടിവരുന്നില്ല എന്നതാണ് ഈ പദ്ധതിയുടെ ഗുണം.
കർഷകർക്കു കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിനുള്ള വ്യക്തിഗത സാമ്പത്തിക സഹായം നൽകൽ (സബ്സിഡി 40 ശതമാനം മുതൽ 60 ശതമാനം വരെ), കാർഷികയന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റം ഹയറിംഗ് സെന്ററുകൾക്കു സാമ്പത്തികസഹായം നൽകൽ (40 ശതമാനം സബ്സിഡി), കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനു സാമ്പത്തികസഹായം നൽകൽ (80 ശതമാം സബ്സിഡി) തുടങ്ങിയവയാണു പദ്ധതിവഴി ലഭിക്കുന്നത്.
സബ്സിഡിയിൽ കാർഷികയന്ത്രങ്ങൾ: സംസ്ഥാനത്തു രജിസ്ട്രേഷൻ നിലച്ചു
01:39 AM Aug 06, 2022 | Deepika.com