കൊച്ചി: സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍ നിന്നു 2016 ജനുവരി ഒന്നിനും 2019 മാര്‍ച്ച് 31നുമിടയില്‍ വിരമിച്ച അധ്യാപകര്‍ക്ക് ശമ്പള പരിഷ്കരണത്തെ തുടര്‍ന്ന് ലഭിക്കേണ്ട ശമ്പള കുടിശിക നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
ഹര്‍ജിക്കാര്‍ക്ക് തുക ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍ന്നുള്ള രണ്ടു മാസത്തിനകം പണം നല്‍കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു.
യുജിസിയുടെ ഏഴാം ശമ്പള പരിഷ്കരണം 2016 ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. മാത്രമല്ല, ഇതനുസരിച്ച് 2016 ജനുവരി ഒന്നിനു ശമ്പള കുടിശിക അധ്യാപകരുടെ പിഎഫിലേക്ക് ലയിപ്പിക്കാനും തീരുമാനിച്ചു.
എന്നാല്‍ 2019 മാര്‍ച്ച് 31നു മുമ്പ് വിരമിച്ച അധ്യാപകര്‍ പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്തതിനാല്‍ ഇവരുടെ ശമ്പള കുടിശികയുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ഇതിനെതിരെയാണ് തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ടയേർഡ് അധ്യാപകനായ ഡോ. സി.ഡി. വര്‍ഗീസ് ഉള്‍പ്പെടെ 450ഓളം പേര് ഹര്‍ജി നല്‍കിയത്.
അധ്യാപക ശമ്പളകുടിശിക: മൂന്നു മാസത്തിനകം തീരുമാനം വേണമെന്ന് കോടതി
01:23 AM Jul 05, 2022 | Deepika.com