തിരുവനന്തപുരം: 1964 ലെയും 1993 ലെയും ഭൂപതിവു ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. നിയമസഭയിൽ റവന്യൂ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2019 ഡിസംബർ 17ന് സർവകക്ഷി യോഗം ചേർന്നിരുന്നു. തുടർന്ന് നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് റവന്യൂ മന്ത്രി ചട്ട ഭേദഗതിക്ക് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് അഡ്വക്കറ്റ് ജനറലിനേയും റവന്യൂ അഡീഷ്ണൽ ചീഫ് സെക്രട്ടറിയേയും നിയമ സെക്രട്ടറിയേയും ചുമതലപ്പെടുത്തി
എന്നറിയിച്ചെങ്കിലും നാളിതു വരെ ചട്ട ഭേദഗതിക്ക് ആവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചിട്ടില്ല.
ഇടുക്കി ജില്ലയിൽ മുൻ സർക്കാർ ഏർപ്പെടുത്തിയ നിർമാണ നിരോധനം പിൻവലിക്കണം. ഉപാധിരഹിത പട്ടയങ്ങൾ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം.
ഭൂമി തരംമാറ്റത്തിന്മേലുള്ള അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണം. ഭൂ നികുതി വർധന പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണം: പി.ജെ. ജോസഫ്
12:15 AM Jul 05, 2022 | Deepika.com