കൊച്ചി: അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാര്‍ ജോയി ആലപ്പാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമനവിവരം അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലി, മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രത്യേക സന്ദേശം വഴി അറിയിച്ചു. ഇന്നലെ ഇറ്റാലിയന്‍ സമയം 12ന് റോമിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലും രാവിലെ ആറിന് ഷിക്കാഗോയിലെ രൂപതാ ആസ്ഥാനത്തും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടന്നു. ഷിക്കാഗോ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു മാര്‍ ആലപ്പാട്ട്. സ്ഥാനാരോഹണ തീയതി പിന്നീട് നിശ്ചയിക്കും.
1956 സെപ്റ്റംബര്‍ 27ന് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിലാണ് മാര്‍ ജോയി ആലപ്പാട്ടിന്റെ ജനനം. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കിയശേഷം 1981 ഡിസംബര്‍ 31ന് വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലും ചെന്നൈ മിഷനിലും അജപാലനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി.
1993ലാണ് അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിലെത്തിയത്. വിവിധ മിഷന് കേന്ദ്രങ്ങളുടെ ഡയറക്ടറായും മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.വാഷിംഗ്ടണിലെ ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയില്‍നിന്നു ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. 2014 ജൂലൈ 24ന് ഷിക്കാഗോ രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം അതേവര്‍ഷം സെപ്റ്റംബര്‍ 27ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. സഹായമെത്രാനെന്ന നിലയില്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് എട്ടു വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മാര്‍ ജോയി ആലപ്പാട്ട് ഷിക്കാഗോ രൂപതയുടെ ഇടയസ്ഥാനം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ രാജി സ്വീകരിച്ചുകൊണ്ടാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്.
മാര്‍ ജോയി ആലപ്പാട്ട് ഷിക്കാഗോ ബിഷപ്
01:06 AM Jul 04, 2022 | Deepika.com