കൊച്ചി: മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മത്തിരുനാളും സീറോ മലബാര്‍ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നാളെ ആഘോഷിക്കുന്നു. രാവിലെ 8.30ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും.
ഒന്‍പതിന് കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസകുര്‍ബാന. തുടര്‍ന്ന് സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി തോമാശ്ലീഹായുടെ ജീവിതത്തെയും പ്രേഷിതപ്രവര്‍ത്തനങ്ങളെയും രക്തസാക്ഷിത്വത്തെയും അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
സഭാചരിത്രകാരനും കോതമംഗലം രൂപതയുടെ വികാരി ജനറാളുമായ റവ. ഡോ. പയസ് മലേകണ്ടത്തില്‍ തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.
ബൈബിള്‍ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിലിന് മല്പാന് പദവി നല്കി മേജര്‍ ആര്‍ച്ച്ബിഷപ് ആദരിക്കും. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതവും മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ നന്ദിയും പറയും.
ദുക്റാന തിരുനാളും സീറോ മലബാര്‍ സഭാദിനാഘോഷവും നാളെ
12:35 AM Jul 02, 2022 | Deepika.com