തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം ഇന്നു പ്രാബല്യത്തിൽ വരും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കാണു നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നിയമ നടപടിയുണ്ടാകും.
കേന്ദ്ര സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. തുടക്കത്തിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ലഭിക്കും.കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിസ്വീകരിക്കും.
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സുകൾ, പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്, നോൺ വൂവൻ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ. പ്ലാസ്റ്റിക്ക് ഗാർബേജ് ബാഗുകൾ (ബയോ മെഡിക്കൽ മാലിന്യങ്ങൾക്കായി ഉളളവ ഒഴികെ), ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ, തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുളള അലങ്കാരവസ്തുക്കൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, ഏകോപയോഗ പ്ലാസ്റ്റിക് നിർമിത സ്പൂൺ, ഫോർക്ക്, സ്ട്രോ, സ്റ്റിറർ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, പിവിസി ഫ്ളെക്സുകൾ, പ്ലാസ്റ്റിക്ക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, കുടിവെള്ള പൗച്ചുകൾ, 500 മില്ലി ലിറ്ററിൽ താഴെയുള്ള PET/PETE കുടിവെള്ളക്കുപ്പികൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, പഴങ്ങളും പച്ചകറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു ഇന്നുമുതൽ നിരോധനം
02:25 AM Jul 01, 2022 | Deepika.com