കൊച്ചി: പോളണ്ടില്‍നിന്ന് അന്താരാഷ്ട്ര കൊറിയര്‍ സംവിധാനം ഉപയോഗിച്ച് അതിമാരക രാസലഹരിയായ ഗോള്‍ഡന്‍ ഡ്രാഗണ്‍ വിഭാഗത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പ് കടത്തിക്കൊണ്ടുവന്ന യുവാവ് എക്സൈസിന്റെ പിടിയില്‍.
ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാസ്ഭായ് എന്നറിയപ്പെട്ടിരുന്ന തലശേരി മണ്ണയാട് കാവ്യാസ് വീട്ടില്‍ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്.
വിപണിയില്‍ പത്തുലക്ഷത്തോളം രൂപ മൂല്യമുള്ള മയക്കുമരുന്ന് ഇയാളില്‍നിന്നു പിടിച്ചെടുത്തു. താമസസ്ഥലത്തുനിന്ന് ആറുഗ്രാം എംഡിഎംഎ, 260 മില്ലി ഹെറോയിന്‍, 20 ഗ്രാം ഹാഷിഷ്, 36 മില്ലിഗ്രാം എല്‍എസ്ഡി, 105 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തു.
ഗോള്‍ഡന്‍ ഡ്രാഗണ്‍ പോലുള്ള എല്‍എസ്ഡി സ്റ്റാമ്പിന് ഒരെണ്ണത്തിന് 3,000 മുതല്‍ 5,000 വരെയാണ് ഇടാക്കി വരുന്നത്. 17 മുതല്‍ 24 വരെ മണിക്കൂര്‍ ഇതിന്റെ വീര്യം നിലനില്ക്കും. ഇതു നിരന്തരമായി ഉപയോഗിച്ചുവരുന്നവര്‍ വിഷാദരോഗം ബാധിച്ച് ഒടുവില്‍ ആത്മഹത്യയിലേക്കു നീങ്ങാറുണ്ട്.
പോസ്റ്റല്‍ അപ്രൈസിംഗ് ഓഫീസില്‍ വന്ന പാഴ്സല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ തടഞ്ഞുവച്ചു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകടത്ത് കണ്ടെത്തിയത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ ഡിജെ പാര്‍ട്ടികളിലാണ് പ്രധാനമായും രാസലഹരി എത്തിച്ചിരുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കൊറിയര്‍ വഴി മയക്കുമരുന്ന് യുവാവ് പിടിയിൽ
01:52 AM Jul 01, 2022 | Deepika.com