ചങ്ങനാശേരി: വൃക്കരോഗികളുടെയും അവയവ ദാതാക്കളുടെയും പരിശോധനകൾ മുഴുവൻ സൂഷ്മമായി നടത്താനുള്ള സംവിധാനവും വൃക്ക മാറ്റിവയ്ക്കപ്പെട്ടവർക്ക് പുനർചികിത്സ നൽകാനുള്ള ക്രമീകരണവും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നിലവിൽ വന്നു. ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന സ്ട്രോക്ക് കെയർ യൂണിറ്റാണ് നിലവിൽ വരുന്നത്.
ന്യൂറോളജിസ്റ്റിന്റെ സേവനം മുഴുവൻ സമയവും ഉണ്ടാവും സ്ട്രോക്ക് വരുന്നവരെ പൂർണമായി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഈ കേന്ദ്രത്തിൽ തയാറാക്കിയിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും എമർജൻസി മെഡിസിനിൽ എംഇഎം പൂർത്തിയായ സീനിയർ ഡോക്ടറുടെ നേതൃത്വത്തിൽ പരിശീലനം സിദ്ധിച്ച മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാണ്. കാലോചിതമായി അത്യാഹിത വിഭാഗം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഉദ്ഘാടനം ഇന്ന്
ചെത്തിപ്പുഴ സെന്റ് തോമസ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹെൽത്ത് കെയർ ആൻഡ് മെഡിക്കൽ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന അന്തർദേശീയ നിലവാരമുള്ള കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, സ്ട്രോക്ക് കെയർ യൂണിറ്റുകളുടെയും അത്യാധുനിക എമർജൻസി മെഡിസിൻ സെന്ററിന്റെയും ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം 6.30ന് നഴ്സിംഗ് കോളജിലെ സാന്തോം ഓഡിറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്, ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ പഞ്ചയത്ത് അംഗം സുധ കുര്യൻ, അതിരൂപത വികാരി ജനറാൾ മോണ്. തോമസ് പാടിയത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത്, എൻഎസ്എസ് ഡയറക്ടർ ബോർഡ് മെംബർ ഹരികുമാർ കോയിക്കൽ, പഴയ പള്ളി ചീഫ് ഇമാം ഡോ. ജുനൈദ് ജൗഹരി അൽ അസ്ഹരി, എസ്എൻഡിപി ഡയറക്ടർ ബോർഡ് മെംബർ ഗിരീഷ് കോനാട്ട്, ആശുപത്രി അസോ. ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം എന്നിവരും ഡോ. എൻ. രാധാകൃഷ്ണൻ, ഡോ. തോമസ് സഖറിയ എന്നിവരും പ്രസംഗിക്കും.
രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പ്രയോജനകരമായ പ്ലാറ്റിനം പ്രിവിലേജ് കാർഡ് സമ്മേളനത്തിൽ പ്രകാശനം ചെയ്യും. പ്ലാറ്റിനം പ്രിവിലേജ് കാർഡിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ 9207846999 എന്ന നന്പറിൽ ബന്ധപ്പെടണം.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി വൃക്കമാറ്റിവയ്ക്കലിനു സജ്ജം
01:14 AM Jul 01, 2022 | Deepika.com