കണ്ണൂർ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്.
ഇതു മടിയില്‍ കനമുള്ളതുകൊണ്ടാണോ? സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് തുടങ്ങിയവയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോടു മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ നിയമനടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്കു മറുപടിയില്ലെന്നും സുധാകരന് പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ തയാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്.
ബാഗേജ് മറന്നുപോയിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കസ്റ്റംസിന് നല്കിയ എം.ശിവശങ്കറിന്റേതായി പുറത്തുവന്ന മൊഴിയില്‍ പറയുന്നത് അതിഥികൾക്കുള്ള ആറന്മുള കണ്ണാടി ഉള്‍പ്പെടെയുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ് വിട്ടുപോയപ്പോൾ കോൺസൽ ജനറലിന്റെ സഹായത്തോടെ എത്തിച്ചു എന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ സ്വപ്ന പറഞ്ഞതാകട്ടെ കോണ്‍സൽ ജനറലിന്റെ സഹായത്തോടെ എത്തിച്ച ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നുമാണ്. ഇതില്‍ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരന് പറഞ്ഞു.
സ്വപ്നയെ സംരക്ഷിക്കുന്നത് ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ട് അവരുടെ രഹസ്യമൊഴിയെ കോടതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റു നിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്.
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോലും കേസെടുക്കുന്ന ഈ സര്‍ക്കാരിന്റെ കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നല്‍കിയിട്ടും നിയമനടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമാണ്.
സിപിഎമ്മിന് വാളയാറിന് അപ്പുറവും ഇപ്പുറവും വ്യത്യസ്ത നിലപാട് ഇല്ലാത്തതിനാലാണോ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ വിമാനത്താവളത്തില്‍ വന്നു സ്വീകരിക്കാനുള്ള മാന്യത മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാതിരുന്നതെന്നു സുധാകരൻ ചോദിച്ചു.
സിപിഎം ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്റെ പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താത്തതിനു പിന്നില്‍ മോദി ഫോബിയയാണെന്നും സുധാകരന് പരിഹസിച്ചു.
സ്വര്‍ണക്കടത്ത് :മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെ. സുധാകരന്
12:14 AM Jun 30, 2022 | Deepika.com