ചെറുതോണി: ഹിമാലയത്തിലെ ടൈല്‍ പാസ് മഞ്ഞുമല കീഴടക്കി ഇന്ത്യന്‍ പതാക നാട്ടിയ സംഘത്തില്‍ ആദ്യമായി ഒരു മലയാളിയും. ഇടുക്കി ഉപ്പുതോട് ചിറ്റടിക്കവല സ്വദേശി മിറ്റത്താനിക്കല്‍ ജിബിന്‍ ജോസഫ് (33) ആണ് കേരളത്തിന്റെ അഭിമാനമായിരിക്കുന്നത്.
ആദ്യമായി ഇവിടെയെത്തുന്ന മലയാളിയും ജിബിനാണ്. ഇതിനു മുന്‍പ് 90 ഓളം ടീമുകള്‍ ശ്രമിച്ചെങ്കിലും 20 ടീമുകള്‍ക്കു മാത്രമാണ് ഈ മഞ്ഞുമല കീഴടക്കി ദേശീയ പതാക പാറിക്കാന്‍ സാധിച്ചിട്ടുള്ളത്.
ജൂണ്‍ അഞ്ചിനാണ് അഞ്ചു പേരടങ്ങുന്ന സംഘം ഹിമാലയത്തിലേക്ക് യാത്രതിരിച്ചത്. ജിബിനെക്കൂടാതെ ഒരു ബംഗളൂരു സ്വദേശിയും മൂന്നു ബംഗാള്‍ സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സഹായികളായി വേറെ ആറു പേരുമുണ്ടായിരുന്നു.
ബംഗാള്‍ സ്വദേശിയായ രാജു ചക്രവര്‍ത്തിയായിരുന്നു ടീം ക്യാപ്റ്റന്‍. യാത്രയ്ക്കിടയില്‍ പരിക്കുപറ്റിയ ബംഗളൂരു സ്വദേശി സന്ദീപ് ഇടയ്ക്കുവച്ചു പിന്മാറി. 15നു രാവിലെ ഒന്‍പതിന് സമുദ്രനിരപ്പില്‍നിന്ന് 17400 അടി ഉയരത്തിലുള്ള മഞ്ഞുമലയുടെ മുകളിലെത്തി സംഘം ഇന്ത്യന്‍ പതാക നാട്ടി. ജിബിന്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയാണ്. ഭാര്യ റിംഗിള്‍.
ടൈല്‍ പാസ് മഞ്ഞുമല കീഴടക്കിയ സംഘത്തിൽ മലയാളിയും
12:44 AM Jun 29, 2022 | Deepika.com