കൊച്ചി: അമ്മ ജനറല്‍ ബോഡി യോഗത്തെ തുടര്‍ന്നുള്ള ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
എന്‍ഐഎ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ച ബിനീഷ് കോടിയേരിക്കെതിരെ കേസില്‍ വിധി വരുന്നതു വരെ ഒരു സസ്പെന്ഷന് പോലും എടുക്കരുതെന്ന നിലപാടെടുത്ത താങ്കള്‍ വിജയ്ബാബുവിനെതിരെ മറ്റൊരു നിലപാടെടുക്കുന്നത് ഇരട്ട നീതിയല്ലേയെന്നു ഇടവേള ബാബു തുറന്ന കത്തിൽ ചോദിച്ചു.
ജഗതി ശ്രീകുമാറിനെതിരെയും പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കള്‍ ഉള്‍പ്പെട്ടിരുന്ന മുന്‍കാല കമ്മിറ്റി ഇതേ നിലപാടുകള്‍തന്നെയാണ് എടുത്തതെന്നും ഇടവേള ബാബു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നില്ക്കുന്ന വിജയ്ബാബുവിനെതിരെ നമ്മള് എന്ത് നടപടിയാണ് എടുക്കേണ്ടത്. അപ്പോള്‍തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നു മാറിനില്‍ക്കുന്നുവെന്ന അദ്ദേഹത്തിന്റെ കത്ത് അംഗീകരിച്ചിരുന്നു.
അമ്മ ഒരു ക്ലബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കള്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ക്ലബ് എന്നത് ഒരു മോശം വാക്കായി ഞാന്‍ കരുതുന്നില്ല. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടു നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് അമ്മ ഒരു ക്ലബ് തന്നെയല്ലേയെന്നും ഇടവേള ബാബു ചോദിച്ചു. ചീട്ടു കളിക്കാനും മദ്യപിക്കാനുമുള്ള വേദിയായി ക്ലബിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ്കുമാറിന് മറുപടിയുമായി ഇടവേള ബാബു
12:43 AM Jun 29, 2022 | Deepika.com