കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവു വേണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
കേസില്‍ നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം വ്യാജരേഖ ചമയ്ക്കല്‍, ഇത് ഉപയോഗിച്ചു വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ കൂടി കേസില്‍ ചുമത്തിയെന്നു വ്യക്തമാക്കിയാണ് സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കു പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ സ്വപ്ന സുരേഷ് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ജൂലൈ അഞ്ചിനു പരിഗണിക്കാനായി മാറ്റി.
മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസും സി.പി. പ്രമോദ് നല്കിയ പരാതിയില്‍ പാലക്കാട് കസബ പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാ ന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി: അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
12:43 AM Jun 29, 2022 | Deepika.com