കൊച്ചി: പ്രശസ്ത നാടക, സീരിയല്‍ നടന് വലിയകത്ത് വി.പി. ഖാലിദ് (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. കബറടക്കം നടത്തി.
സിനിമ, നാടക, സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കലയെ ജീവിതമാക്കിയ ഖാലിദ്. സൈക്കിള്‍ യജ്ഞം മുതല്‍ നാടകവും സിനിമയും സീരിയലും വരെ പരന്നുകിടക്കുന്നതാണ് ആ ജീവിതം. ഖാലിദ് ഫോര്‍ട്ടു കൊച്ചിക്കാര്‍ക്ക് കൊച്ചിന് നാഗേഷ് ആണ്. സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണിത്.
16 വയസുള്ളപ്പോള്‍ പകരക്കാരനായി വേഷമിട്ടുകൊണ്ടായിരുന്നു നാടകത്തില്‍ തുടക്കം. നിരവധി നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം പൊന്നാപുരം കോട്ട, പെരിയാര്‍ തുടങ്ങി 45ഓളം സിനിമകളിലും വേഷമിട്ടു. എന്നാല്‍ ഖാലിദിനെ പ്രശസ്തനാക്കിയത് മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമാണ്.
ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന് ഖാലിദ് റഹ്മാന്, റഹ്മത്ത്, പരേതനായ ഷാജി ഖാലിദ് എന്നിവര്‍ മക്കളാണ്. ഭാര്യമാര്‍: സഫിയ, സൈനബ. മരുമക്കള്‍: റഷീദ്, റംലത്ത്, ജിഷ, അപൂര്‍വ.
നടന് വി.പി. ഖാലിദ് അന്തരിച്ചു
12:32 AM Jun 25, 2022 | Deepika.com