കോഴിക്കോട്: നടുവട്ടത്തു വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് മരിച്ചു. ബേപ്പൂര്‍ മഞ്ചക്കല്‍ അര്ജുന് (22) ആണു മരിച്ചത്. കെഎസ്ഇബി ജീവനക്കാർ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം. അതുവഴി വന്ന ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്നു അർജുൻ.
സുഹൃത്ത് ബിസി റോഡിലെ അര്‍ജുനൊപ്പം മീഞ്ചന്തയിൽനിന്നു ബേപ്പൂരിലേക്കു പോകുകയായിരുന്നു മരിച്ച അര്ജുന്.
ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നവര്‍ വാഹനം നിര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നില്ല. ബൈക്ക് കടന്നുപോകവെ പോസ്റ്റ് തെന്നിമാറി ബൈക്കിലേക്കു പതിക്കുകയായിരുന്നു. പിന്‍ഭാഗത്തിരുന്ന അര്‍ജുന്റെ നെഞ്ചിന്റെ ഭാഗത്താണു പോസ്റ്റ് വീണത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരിച്ചു.
ബൈക്ക് ഓടിച്ചിരുന്ന അര്‍ജുന്റെ കൈക്കു പരിക്കേറ്റു. കോൺക്രീറ്റ് ജോലിക്കു പോയിരുന്ന അര്ജുൻ സിനിമയില്‍ ലൈറ്റിംഗ് ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു ദുരന്തം. സംസ്കാരം ഇന്നു നടക്കും.
കരാറുകാരനെതിരേ ബേപ്പൂർ പോലീസ്കുറ്റകരമായ നരഹത്യക്കു കേസെടുത്തു.
പപ്പടനിര്‍മാണ തൊഴിലാളിയായ ബാബുവാണു പിതാവ്. അമ്മ: അനിത. സഹോദരങ്ങള്‍ : അഞ്ജു, ആതിര.
വൈദ്യുതിപോസ്റ്റ് വീണ് ബൈക്ക് യാത്രികനു ദാരുണാന്ത്യം
01:06 AM Jun 24, 2022 | Deepika.com