കൊച്ചി: ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ സ്വപ്ന ഭവനം പദ്ധതിയുടെ താക്കോല്‍ ദാനം വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കളമശേരി ഹോട്ടല്‍ സീ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ 48 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് താക്കോല്‍ കൈമാറിയത്.
വൈവിധ്യമാര്‍ന്ന തരത്തില്‍ മാനവികത മുന്‍നിര്‍ത്തി സാമൂഹിക പ്രതിബദ്ധതയോടെ പദ്ധതികള്‍ നടപ്പാക്കാന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന് സാധിക്കുന്നതായി മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാരിന് ഒമ്പതു ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചതെന്നും അതില്‍ അഞ്ചു ലക്ഷത്തോളം അപേക്ഷകള്‍ തെരഞ്ഞെടുത്ത് അതുമായി ബന്ധപ്പെട്ട നടപടികള്‍ താഴെതട്ടു മുതല്‍ ആരംഭിച്ചിരിക്കുകയാണെന്നും മന്ത്രി വിശദമാക്കി.
ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ വി.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി. വര്‍ഗീസ്, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ സി.ജെ. ജെയിംസ്, ഡിസ്ട്രിക്ട് സെക്രട്ടറിയും സ്നേഹഭവനം കോ-ഓര്‍ഡിനേറ്ററുമായ ലൂയിസ് ഫ്രാന്‍സിസ്, ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഷൈന്‍കുമാര്‍, ഡോ. ബീന രവികുമാര്‍, കെ.വി. വര്‍ഗീസ്, ജോര്‍ജ് ആന്റണി, ജോര്‍ജ് സാജു, സിദ്ദീഖ് ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം, ഇടുക്കി ജില്ലകളിലെ ലയണ്‍സ് ക്ലബുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലെ ഭവന രഹിതരെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. മണപ്പുറം ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് വീടുകളുടെ നിര്‍മാണം.
48 സ്വപ്ന ഭവനങ്ങളുടെ താക്കോല്‍ കൈമാറി
12:53 AM Jun 20, 2022 | Deepika.com