കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ് വിചിത്രമാണെന്ന് സര്‍ക്കാര്‍. ഈ ഉത്തരവു നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമാണ്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും തുടരന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നു.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണം. 2018 ഡിസംബര്‍ 13ന് കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
ഹാഷ് വാല്യൂ മാറിയെന്ന റിപ്പോര്‍ട്ട് 2020 ജനുവരി 29നു ലാബില്‍നിന്ന് വിചാരണക്കോടതിക്ക് നല്‍കിയിരുന്നെങ്കിലും 2022 ഫെബ്രുവരി വരെ ഇക്കാര്യം പ്രോസിക്യൂഷനെ കോടതി അറിയിച്ചില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഫോറന്‍സിക് ലാബില്‍ നിന്ന് കണ്ടെടുത്തു. മെമ്മറി കാര്‍ഡ് പലപ്പോഴായി അനധികൃതമായി പരിശോധിച്ചെന്ന് വിശ്വസനീയമായ വിവരമുണ്ട്.
ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ പലതവണ ദൃശ്യങ്ങള്‍ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുമായി ചേര്‍ത്ത് ഇത് അന്വേഷിക്കണം. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്നു അന്വേഷണ സംഘം ഏപ്രില്‍ നാലിന് കോടതിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും മേയ് 26 വരെ ഇതില്‍ ഉത്തരവു നല്‍കിയതായി അറിഞ്ഞില്ല.
ഈ ആവശ്യം മേയ് ഒമ്പതിന് നിരസിച്ചതായി കോടതി മേയ് 26നാണ് അറിയിച്ചത്. ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥനു നേരിട്ടു നല്‍കാതെ നെടുമ്പാശേരി സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് മേയ് 17ന് സാധാരണ തപാലില്‍ അയച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം നിരസിച്ച ഉത്തരവ് വിചിത്രമെന്നു സര്‍ക്കാര്‍
01:36 AM May 29, 2022 | Deepika.com