കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച സംഭവത്തില്‍ റാലിയുടെ സംഘാടകരായ എല്ലാവര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഒരാള്‍ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാല്‍ റാലി സംഘടിപ്പിച്ച എല്ലാവര്ക്കും അതില്‍ ഉത്തരവാദിത്വം ഉണ്ടെന്നു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി. റാലിയില്‍ എന്തും വിളിച്ചുപറയാമെന്നാണോ? എന്താണീ രാജ്യത്ത് നടക്കുന്നതെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു.
പോപ്പുലര്‍ ഫ്രണ്ട്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ മേയ് 21 ലെ ആലപ്പുഴ റാലികള്‍ തടയണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ ആര്. രാമരാജവര്‍മ നല്കിയ ഹര്‍ജി 20 നു പരിഗണനയ്ക്കു വന്നപ്പോള്‍ ക്രമസമാധാനപ്രശ്നങ്ങളുണ്ടാവില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവു നല്‍കിയിരുന്നു.
ഇതനുസരിച്ച് പോപ്പുലര്‍ ഫ്രണ്ട് , ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കി ആലപ്പുഴ ഡിവൈഎസ്പി ഇന്നലെ റിപ്പോര്‍ട്ട് നല്കി. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഒരു കുട്ടി പ്രകോനപനപരമായ മുദ്രാവാക്യം മുഴക്കിയതിനു കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് റാലിയുടെ സംഘാടകരായ മുഴുവന്‍ ആളുകള്‍ക്കുമെതിരേ നിയമപരമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
കുട്ടിയുടെ മുദ്രാവാക്യംവിളി: റാലി സംഘടിപ്പിച്ചവർക്ക് എതിരേ നിയമനടപടി വേണം: ഹൈക്കോടതി
01:22 AM May 28, 2022 | Deepika.com