കൊച്ചി: ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോയും വത്തിക്കാന്‍ പ്രതിനിധിയുമായ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി ഇന്നു വൈകുന്നേരം നാലിന് ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം കാരുണ്യമാതാവിന്റെ ബസിലിക്കയില്‍ സന്ദര്‍ശനം നടത്തും. നാളെ രാവിലെ ഒന്‍പതിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കും.
11 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലും വിശുദ്ധ ചാവറ തീര്ഥാടനകേന്ദ്രത്തിലും തുടര്‍ന്ന് വരാപ്പുഴ മൗണ്ട് കാര്‍മല്‍ സെന്റ് ജോസഫ് ബസിലിക്കയിലും ദൈവദാസി മദര്‍ ഏലീശ്വയുടെ വരാപ്പുഴയിലുള്ള സ്മൃതിമന്ദിരത്തിലും സന്ദര്‍ശനം നടത്തും.
വത്തിക്കാന്‍ പ്രതിനിധിയുടെ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നു വൈകുന്നേരം നാലിന് വല്ലാര്‍പാടം ബസിലിക്കയിലെത്തുന്ന നുണ്‍ഷ്യോയ്ക്ക് റോസറി പാര്‍ക്കിലെ മംഗള കവാടത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ഊഷ്മള സ്വീകരണം നൽകും. 4.30 ന് ബസിലിക്കയില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.
അതിരൂപതയിലെ വൈദികരും സന്യസ്തരും തിരുക്കര്‍മങ്ങളില്‍ പങ്കുചേരും. ദിവ്യബലിക്കുശേഷം വല്ലാര്‍പാടം ബസിലിക്കയുടെ ഔദ്യോഗിക ലോഗോ നുണ്‍ഷ്യോ പ്രകാശനം ചെയ്യും.
അപ്പസ്തോലിക് നുണ്‍ഷ്യോയെ വരവേല്‍ക്കാന്‍ ഇടവകയിലെ പാരിഷ് കൗണ്‍സില്‍ , കുടുംബ യൂണിറ്റ് കേന്ദ്ര നിര്‍വാഹക സമിതി, ഭക്തസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റികള്‍ പ്രവർത്തിക്കുന്നതായി ബസിലിക്ക റെക്ടര്‍ ഡോ. ആന്റണി വാലുങ്കല്‍ സഹവികാരിമാരായ ഫാ. മിഥുന് ജോസഫ് ചെമ്മായത്ത്, ഫാ. ജോര്‍ജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിന്‍ ജോസഫ് കാട്ടിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
അപ്പസ്തോലിക് നുണ്‍ഷ്യോ ഇന്നു കൊച്ചിയിലെത്തും
01:11 AM May 28, 2022 | Deepika.com