കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാൻ ഉപദേശകസമിതിയെ നിയമിക്കാൻ ഇന്നലെ നടന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സർക്കാർ അംഗീകരിച്ച 36 അധ്യാപക തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു.
സർവകലാശാല പഠനവകുപ്പുകളിലേക്കു കോൺട്രാക്ട് അധ്യാപക നിയമനങ്ങൾക്കായുള്ള റാങ്ക് ലിസ്റ്റുകൾ അംഗീകരിച്ചു. കേരള സെൽഫ് ഫിനാൻസ് കോളജ് ബില്ലിന്റെ അടിസ്ഥാനത്തിൽ സർവകലാശാല തയാറാക്കിയ മാർഗനിർദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെൽഫ് ഫിനാൻസിംഗ് കോളജ് മോണിറ്ററിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.
മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനായ ഡോ. തോമസ് മോനോത്തിന് പ്രഫസർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകും. വിവിധ വിഷയങ്ങളിൽ 14 പേർക്ക് ഗവേഷണബിരുദം നൽകാൻ തീരുമാനിച്ചു.
സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിലെ എംപിഎഡ് പ്രോഗ്രാമിന് എൻസിടിഇ അംഗീകാരം ലഭിക്കുന്നതുവരെ യുജിസി അംഗീകരിച്ച ‘മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്’ പ്രോഗ്രാം പുതിയ അക്കാദമിക് വർഷത്തിൽ ആരംഭിക്കും.
കണ്ണൂർ സർവകലാശാല പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാൻ ഉപദേശകസമിതിയെ നിയമിക്കും
01:11 AM May 28, 2022 | Deepika.com