കൊച്ചി: തിരുവനന്തപുരത്തെ വിവാദ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെ കൊച്ചിയില്‍ അറസ്റ്റ്ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിൽ ജോര്‍ജിന് അനുവദിച്ചിരുന്ന ജാമ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. അതിനിടെ എറണാകുളം വെണ്ണലയിലെ മറ്റൊരു വിവാദപ്രസംഗ കേസില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയ ജോർജിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഇന്നലെ രാത്രിതന്നെ പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാത്രിതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും വ്യക്തമാക്കി പി.സി. ജോര്‍ജ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അപേക്ഷ നല്‍കിയിരുന്നു. ഇന്ന് രാവിലെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ പ്രത്യേകം പരാമര്‍ശിച്ചു ഹര്‍ജി പരിഗണനയ്ക്ക് വരുത്താനാണ് ജോര്‍ജിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്.
ഇന്നലെ രാത്രി എട്ടോടെ വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്തത്. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അറസ്റ്റിനുശേഷമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കോടതി വിലക്കുള്ളതിനാല്‍ മിണ്ടുന്നില്ലെന്നും വിലക്കു മാറിയശേഷം പ്രതികരിക്കാമെന്നുമായിരുന്നു ജോർജിന്റെ മറുപടി.
പാലാരിവട്ടം സ്റ്റേഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.10ന് മകന് ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി. ജോര്‍ജ് എത്തിയത്. നിയമം പാലിക്കുമെന്ന് കാറില്‍നിന്നിറങ്ങവെ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. ജോര്‍ജ് എത്തിയതറിഞ്ഞ് പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പ്രവർത്തകരെ പോലീസ് നീക്കിയശേഷം നാലോടെ ഡിസിപിയുടെ വാഹനത്തില്‍ എറണാകുളം സിറ്റി എആര്‍ ക്യാമ്പിലേക്കു ജോര്‍ജിനെ കൊണ്ടുപോയി. ഫോര്‍ട്ട് പോലീസ് ഇവിടെവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോര്‍ജിന് അനുവദിച്ച ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി അനിവാര്യമെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നു വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കിയത്.
തിരുവനന്തപുരത്തെ കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് വെണ്ണലയില്‍ കഴിഞ്ഞ എട്ടിനു പി.സി. ജോര്‍ജ് വീണ്ടും വിവാദപ്രസംഗം നടത്തിയത്. ഇതേത്തുടർന്ന് പാലാരിവട്ടം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വിവാദ പ്രസംഗം: പി.സി. ജോര്‍ജ് അറസ്റ്റില്‍
01:56 AM May 26, 2022 | Deepika.com