തൃശൂർ: അർപ്പണബോധമുള്ള അധ്യാപന മികവിനു യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പുരസ്കാരം മലയാളിയും തൃശൂർ സ്വദേശിനിയുമായ ഡോ. മേരി ഷൈനിക്ക്.
കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് 2022 പുരസ്കാരമാണു ചാലക്കുടി സ്വദേശി ബൈജു മഞ്ഞളിയുടെ ഭാര്യയും വടക്കാഞ്ചേരി റിട്ട. സുബേദാർ മേജർ പൊൻപറമ്പിൽ പോളിന്റെയും ആനീസിന്റെയും മകളുമായ മേരി ഷൈനി കരസ്ഥമാക്കിയത്.
ഓരോ ഭൂഖണ്ഡത്തിൽനിന്നും ഒരോരുത്തരെ വീതം ലോകത്ത് ആറുപേരെ മാത്രമാണ് ഈ പുരസ്കാരത്തിനു തെരഞ്ഞെടുക്കുക. യൂറോപ്പ് തലത്തിലുള്ള വിജയിയാണു മേരി ഷാൈനി. 113 രാജ്യങ്ങളിൽനിന്നുള്ള 7000 പേരിൽനിന്നാണു ഡോ. മേരി ഷൈനിയുടെ അഭിമാന നേട്ടം.
റോമിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂളിലെ പ്രിൻസിപ്പലായ മേരി ഷൈനി കേംബ്രിഡ്ജ് എക്സാമിനറായും പ്രവർത്തിക്കുന്നു. ട്രോഫിയും 500 പൗണ്ടുമാണു പുരസ്കാരം.
കേംബ്രിഡ്ജിന്റെ പിഡിക്യൂ (പ്രഫഷണൽ ഡെവലപ്മെന്റ് ക്വാളിഫിക്കേഷൻ) കോഴ്സ് സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരവും ലഭിക്കും. മാത്രമല്ല കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഒരു വർഷത്തെ എല്ലാ മാഗസിനുകളും മേരി ഷൈനി അടക്കമുള്ള പുരസ്കാര ജേതാക്കളുടെ കവർചിത്രത്തോടെയാണു പുറത്തിറങ്ങുക. മേരി ഷൈനി പ്രവർത്തിക്കുന്ന സ്കൂളിൽവച്ചാണു പുരസ്കാര സമർപ്പണമുണ്ടാവുക.
അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ സ്കൂൾസ് യൂറോപ്പിന്റെ 2021ലെ ബെസ്റ്റ് എജ്യുക്കേറ്റർ അവാർഡ്, 2019ൽ എജ്യുക്കേഷനിൽ ബെസ്റ്റ് അച്ചിവ്മെന്റ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾക്ക് റോമിൽ അർഹയായിട്ടുണ്ട്. നാല് മാസ്റ്റേഴ്സ് ഡിഗ്രിയും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഐഇഇഇ, ലോകാരോഗ്യ സംഘടന തുടങ്ങി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ ചെയ്തിട്ടുണ്ട്. പിഎച്ച്ഡിക്കുശേഷം കേംബ്രിഡ്ജ്, ലോകാരോഗ്യ സംഘടന തുടങ്ങി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ ചെയ്തിട്ടുണ്ട്. പഠനകാലത്ത് എംഎസ്സി കംപ്യൂട്ടർ സയൻസിനു കോയന്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ പ്രൊഫിഷൻസി അവാർഡിനർഹയാണ്.
വടക്കാഞ്ചേരി ചാലിപ്പാടം ക്ലേലിയ ബാർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൃശൂർ സെന്റ് ക്ലെയേഴ്സ് സ്കൂൾ, കോയന്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി, കർപാഗം ആർട്സ് ആൻഡ് സയൻസ് കോളജ്, പുതുക്കാട് പ്രജ്യോതി നികേതൻ എന്നിവിടങ്ങളിലാണു പഠിച്ചത്. ഹൈദരാബാദ് മല്ലാപുർ സെന്റ് ആൻസ് വിമൻസ് പിജി കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തിരുന്നു. കലാമണ്ഡലം ഉഷയുടെ കീഴിൽ 13 വർഷം ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചിട്ടുമുണ്ട്.
പേസ്ട്രി ഷെഫായ ഭർത്താവ് ബൈജു മഞ്ഞളിക്കൊപ്പം 11 വർഷമായി ഇറ്റലിയിലാണു താമസം. മക്കൾ: കെസിയ (മൂന്നാംക്ലാസ്), കെലിസ്റ്റ.
കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് പുരസ്കാരം ഡോ. മേരി ഷൈനിക്ക്
01:55 AM May 26, 2022 | Deepika.com