കൊണ്ടോട്ടി: കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ രണ്ടേമുക്കാൽ കിലോ സ്വർണവുമായി യാത്രക്കാരൻ കരിപ്പൂർ പോലീസ് പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് പാറുപറന്പിൽ അബ്ദുസലാം (41)ആണു സ്വർണവുമായി പിടിയിലായത്. ഇയാളിൽനിന്ന് ഒന്നരക്കോടി രൂപ വില മതിക്കുന്ന സ്വർണമാണു കണ്ടെടുത്തത്.
ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിച്ചുവച്ചും പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൊണ്ടുള്ള ബെൽറ്റിനുള്ളിൽ അരയിൽ കെട്ടിയുമാണു കസ്റ്റംസിനെ വെട്ടിച്ച് ഇയാൾ സ്വർണം പുറത്തുകടത്തിയത്. 2018 ഗ്രാം സ്വർണം അരയിൽ കെട്ടിയും 774 ഗ്രാം സ്വർണം ശരീരത്തിനുള്ളിൽ ഒളിച്ചുവച്ചുമാണു കണ്ടെത്തിയത്.
രഹസ്യവിവരത്തെത്തുടർന്നു നേരത്തെത്തന്നെ വിമാനത്താവളത്തിനു പുറത്തുകാത്തു നിന്ന പോലീസ് അബ്ദുസലാം ടാക്സിയിൽ കയറി പോകുന്നതിനിടെ വിമാനത്താവള കവാടത്തിനു പുറത്തുവച്ച് വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു.
ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ എക്സ്റേ പരിശോധനയിലാണ് ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കണ്ടെത്തിയത്. ബഹറിനിൽനിന്ന് എയർ ഇന്ത്യാ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
സ്വർണം മിശ്രിത രൂപത്തിലാക്കിയ മൂന്നു ഗുളികളാണ് ഇയാളുടെ ശരീരത്തിൽനിന്നു കണ്ടെടുത്തത്. കസ്റ്റഡയിലെടുത്ത ഇയാളെ ചോദ്യംചെയ്തുവരികയാണ്. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ടാക്സി വിളിച്ച് തൊണ്ടയാട് ബൈപാസിൽ എത്താനാണു കള്ളക്കടത്ത് സംഘം ഇയാൾക്കു നൽകിയ നിർദേശമെന്നു യാത്രക്കാരൻ പോലീസിനു മൊഴി നൽകി. തുടരന്വേഷണത്തിനായി യാത്രക്കാരനെ കസ്റ്റംസിനു കൈമാറും.
ഒന്നരക്കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ
01:55 AM May 26, 2022 | Deepika.com