കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വിലക്കയറ്റവും ക്ഷാമവും നേരിടുന്ന ജനപ്രിയ ബ്രാൻഡായ ജയ അരി കൂടുതൽ സംഭരിക്കാൻ ഉത്പാദക സംസ്ഥാനമായ ആന്ധ്രപ്രദേശ് സർക്കാരുമായി നേരിട്ടു ചർച്ച നടത്താൻ കേരളം.
ജയ, സുരേഖ അരി ഇനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും അറുതിവരുത്താൻ ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് കോർപറേഷൻ ഉന്നതരുമായി ചർച്ച നടത്താൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഡി. സജിത് ബാബുവിനെ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് ചുമതലപ്പെടുത്തി. വൈകാതെതന്നെ സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആന്ധ്രയിലേക്കു പോകും.
ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് ഡയറക്ടർ ജി. വീരപാണ്ഡ്യൻ, സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ എസ്. ദിലിറാവു തുടങ്ങിയവരുമായി ചർച്ച നടത്തും. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ളവർ വ്യാപകമായി ഉപയോഗിക്കുന്ന ജയ അരിയുടെ വരവ് കുറഞ്ഞതോടെ വില അടുത്തിടെ എട്ടു രൂപ വരെ ഉയർന്നിരുന്നു.
ഇതോടൊപ്പം, റേഷൻ കടകൾ വഴി ജയ, സുരേഖ അരികളു ടെ വിതരണം പുനഃസ്ഥാപിക്കാനായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നു. റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ എഫ്സിഐ വഴി ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള അരി വിതരണം ചെയ്യാൻ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കാമെന്നു കേന്ദ്രസർക്കാർ ഉറപ്പു നൽകിയതായാണു ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ നൽകുന്ന വിവരം.
സ്റ്റോക്ക് ലഭ്യമായാൽ അടുത്ത മാസം ആദ്യം മുതൽ അരി വിതരണം തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്ലെറ്റുകളും വഴി പ്രതിമാസം അഞ്ചു കിലോ അരി മാത്രമാണു സബ്സിഡി നിരക്കിൽ ഇപ്പോൾ നൽകുന്നത്. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടൽ നടത്താത്ത സർക്കാർ നടപടി സംബന്ധിച്ചു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണു സർക്കാർ നടപടി വേഗത്തിലാക്കിയത്.
റേഷൻകടകൾ വഴി ജയ അരി വിതരണം ചെയ്യുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏതാനും റേഷൻകടകളിൽ കുറച്ചു ദിവസങ്ങളിൽ മാത്രമേ ഇതു വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. ഇപ്പോൾ, പണ്ടു മുതൽ നൽകുന്ന പുഴക്കലരിയും റോസ് മട്ട അരിയുമാണ് റേഷൻ കടകൾ വഴി നൽകുന്നത്. ബിപിഎൽ വിഭാഗങ്ങൾക്കു രണ്ടു രൂപയ്ക്കും വെള്ള കാർഡുകാർക്ക് 10.90 രൂപയും കിലേയ്ക്ക് ഈടാക്കുന്നത്.
അരിയുടെ പൂഴ്ത്തിവയ്പു കണ്ടെ ത്താൻ റെയ്ഡ് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർമാരോടും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചില ജില്ലകളിൽ പരിശോധന നടന്നതായാണു വിവരം.
വിലക്കയറ്റം: ജയ അരി കൂടുതൽ എത്തിക്കാൻ ആന്ധ്രയുമായി സർക്കാർതല ചർച്ച
02:18 AM May 25, 2022 | Deepika.com