കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്നാരോപിച്ച് ഇരയായ നടി നല്കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറി.
ഹര്‍ജി ഇന്നു മറ്റൊരു ബെഞ്ച് പരിഗണിക്കും. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതു സംബന്ധിച്ച് ഫോറന്‍സിക് ലാബ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും വിചാരണക്കോടതി നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദൃശ്യങ്ങള്‍ അങ്കമാലി കോടതിയില്‍നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ നല്കുമ്പോള് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി. മാത്രമല്ല, കേസ് ഫയലില്‍ സ്വീകരിച്ച് വിചാരണയ്ക്കു നടപടിയെടുത്തതും ഇദ്ദേഹമായിരുന്നു.
ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഇദ്ദേഹത്തിനു വീണ്ടും ഈ കേസ് കേള്‍ക്കാനാകില്ലെന്നും ബെഞ്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരി ഹൈക്കോടതി ഭരണവിഭാഗത്തിന് അപേക്ഷ നല്‍കിയിരുന്നു.
ഇന്നലെ രാവിലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ കോടതിയില്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷക ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്നാണ് ബെഞ്ച് ഒഴിവായത്.
അതിജീവിതയുടെ ഹര്‍ജി: ജഡ്ജി പിന്മാറി
02:18 AM May 25, 2022 | Deepika.com