തിരുവനന്തപുരം: പെട്രോളിന്റെ നികുതി കേന്ദ്രസർക്കാർ കുറച്ചപ്പോൾ അടിസ്ഥാനവിലയിൽ വർധന വരുത്തിയെന്നു കേരളം.
ലിറ്ററിന് എട്ടു രൂപ നികുതിയിൽ കുറവു വരുത്തിയപ്പോൾ അടിസ്ഥാനവിലയിൽ 79 പൈസയുടെ വർധന വരുത്തിയെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്ര നികുതിയിൽ ലിറ്ററിന് എട്ടു രൂപ കുറച്ചപ്പോൾ സംസ്ഥാന നികുതിയിൽ ആനുപാതികമായി 2.41 രൂപയുടെ കുറവാണ് ഉണ്ടാകുമായിരുന്നത്. ആകെ 10.41 രൂപയുടെ കുറവ്. എന്നാൽ യഥാർഥത്തിൽ 9.40 രൂപയുടെ കുറവു മാത്രമാണ് കേരളത്തിലുണ്ടായത്. അടിസ്ഥാനവിലയിൽ വർധന വരുത്തിയതിന്റെ ഫലമായാണ് ഒരു രൂപയുടെ വ്യത്യാസമുണ്ടായതെന്നാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഡീസൽ വിലയിൽ ആറു രൂപയുടെ നികുതി ഇളവും സംസ്ഥാന നികുതിയിൽ ആനുപാതികമായുണ്ടായ 1.36 രൂപയുടെ കുറവും ലഭിച്ചു.
ഈ രീതിയിൽ വിലവർധന കേന്ദ്രസർക്കാർ അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കേന്ദ്രം നികുതി കുറച്ചപ്പോൾ വില കൂട്ടി: ധനമന്ത്രി
04:52 AM May 24, 2022 | Deepika.com