കോട്ടയം: സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായി കർഷകർക്കു നൽകുന്ന 1600 രൂപ കർഷക പെൻഷൻ റബർ സബ്സിഡിയുടെ മറവിൽ റദ്ദ് ചെയ്യുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ധനകാര്യവകുപ്പും പഞ്ചായത്ത് ഡയറക്ടറും ഇറക്കിയിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് നോട്ടീസ് അയയ്ക്കുന്നത് അവസാനിപ്പിക്കണം. റബർ സബ്സിഡി റബർ വിലത്തകർച്ചയിൽ കർഷകനെ സഹായിക്കാനുള്ള താത്കാലിക സംവിധാനം മാത്രമാണ്. കാലങ്ങളായി ഈ സബ്സിഡി കർഷകർക്ക് ലഭിക്കുന്നുമില്ല. സബ്സിഡിയും കർഷകപെൻഷനും തമ്മിൽ ബന്ധിപ്പിക്കുന്നതും ശരിയായ നടപടിയല്ല.
60 വയസ് കഴിഞ്ഞ കർഷകന് 10,000 രൂപ പെൻഷൻ നൽകണമെന്ന 2015ലെ കാർഷികനയ നിർദ്ദേശം നടപ്പാക്കണമെന്നും റബർ സബ്സിഡിക്ക് അർഹതയുള്ളവരെന്നതിന്റെ പേരിൽ കർഷകരെ നിലവിലുള്ള പെൻഷൻ പദ്ധതിയിൽനിന്നു പുറന്തള്ളുന്ന വിവാദ ഉത്തരവ് റദ്ദാക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
റബർ സബ്സിഡിയുടെ പേരിൽ പെൻഷൻ റദ്ദ് ചെയ്യരുത്: വി.സി. സെബാസ്റ്റ്യൻ
04:01 AM May 24, 2022 | Deepika.com