കിഴക്കമ്പലം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നു ട്വന്റി 20- ആം ആദ്മി പാര്‍ട്ടി സഖ്യമായ ജനക്ഷേമ മുന്നണി. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ടു ചെയ്യണമെന്ന് പ്രവര്‍ത്തകരോടു ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ആഹ്വാനം ചെയ്തു. പ്രലോഭനങ്ങളിലും സമ്മര്‍ദങ്ങളിലും വശംവദരാകാതെ സ്വതന്ത്രമായി വിവേകപൂര്‍വം സമ്മതിദാനാവകാശം വിനിയോഗിക്കണം. പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളില്‍നിന്നു വ്യത്യസ്തമായി ജനക്ഷേമവും വികസനവും മുന്നില്‍ക്കണ്ടു പ്രവര്‍ത്തിക്കുന്ന രണ്ടു രാഷ്ട്രീയ സംവിധാനങ്ങളാണു ട്വന്റി 20യും എഎപിയും.
ഉപതെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കേരളത്തിലെ നിലവിലെ അവസ്ഥയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നതിനാലാണ് ആരെയും മത്സരിപ്പിക്കേണ്ടെന്നു ജനക്ഷേമ മുന്നണി നേരത്തെ തീരുമാനിച്ചത്. പലരും പിന്തുണ തേടിയിട്ടുണ്ട്. ആരുമായും രഹസ്യധാരണയോ അടുപ്പമോ എതിര്‍പ്പോ ഇല്ല.
മത്സരിക്കാതെതന്നെ മുന്നണി വിജയിച്ചിരിക്കുകയാണ്. തൃക്കാക്കരയിലെ ജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമാകും ഈ സഖ്യമെന്നും സാബു എം. ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി.സി. സിറിയക്കും വ്യക്തമാക്കി. വോട്ടെടുപ്പുദിനം കാലാവസ്ഥ പ്രതികൂലമായാല്പോലും എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു.
തൃക്കാക്കരയില്‍ ആര്‍ക്കും പിന്തുണയില്ല: ജനക്ഷേമ സഖ്യം
12:58 AM May 23, 2022 | Deepika.com