കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റീസ് പി. ഗോപിനാഥനാണ് ഹര്‍ജി പരിഗണിക്കുന്നത്. വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഏപ്രില്‍ 29നു നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
നടിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഇവിടെനിന്ന് ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി. ഇതറിഞ്ഞ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്ന് പോലീസ് പറയുന്നു.
കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമെന്ന നിലയ്ക്കാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നും പോലീസ് പറയുന്നു. ഇതോടെ ഇയാളെ പിടികൂടാന്‍ പോലീസ് മറ്റു വഴികള്‍ തേടുകയാണ്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി.
മേയ് 24നകം ഹാജരായില്ലെങ്കില്‍ വിജയ് ബാബുവിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോള്‍ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നല്കി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും
02:29 AM May 22, 2022 | Deepika.com