കൊച്ചി: വിവാദമായ ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ നല്കിയ ഹര്‍ജിയില്‍ കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന ആവശ്യം കൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കി ഹര്‍ജിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ആര്.എസ്. ശശികുമാര്‍ ഉപഹര്‍ജി നല്കി.
അഴിമതിക്കേസില്‍ പൊതുസേവകര്‍ കുറ്റക്കാരാണെന്നു കണ്ടാല്‍ അവരെ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ലോകായുക്തക്ക് അധികാരം നല്കുന്ന ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ലെ ഒന്നാം ഉപവകുപ്പ് നീക്കം ചെയ്തു സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം വിതരണം ചെയ്യുന്നതില്‍ രാഷ്ട്രീയ പക്ഷഭേദം കാണിക്കുന്നെന്ന് ആരോപിച്ച് താന്‍ ലോകായുക്തയില്‍ നല്കിയ പരാതിയില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് ഹര്ജിക്കാരന് ആരോപിച്ചിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഹര്‍ജിയിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരേ നല്കിയ ഹര്‍ജിയില്‍ ഉപഹര്‍ജി
02:29 AM May 22, 2022 | Deepika.com