തിരുവനന്തപുരം: അഡ്വ. ആർ. സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-എസ്, എൻസിപിയിൽ ലയിക്കുന്നു. പാർട്ടി സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും യോഗം ചേർന്നു തീരുമാനമെടുക്കുകയും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുമായി ലയനം സംബന്ധിച്ചു ചർച്ച നടത്തി ധാരണയിലെത്തുകയായിരുന്നു.
ചൊവ്വാഴ്ച കൊച്ചിയിൽ എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാർ പങ്കെടുക്കുന്ന എൻസിപി കണ്‍വൻഷനിൽ പാർട്ടി ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന് അഡ്വ. ആർ. സതീഷ്കുമാർ അറിയിച്ചു.
അവിഭക്ത കെഎസ് യുവിലൂടെ വിദ്യാർഥി രാഷ്ട്രീയം ആരംഭിച്ച സതീഷ്കുമാർ 1978 ലെ കോണ്‍ഗ്രസ് പിളർപ്പിനു ശേഷം കോണ്‍ഗ്രസ്- യു, കോണ്‍ഗ്രസ്- എസ്, എൻസിപി എന്നീ പ്രസ്ഥാനങ്ങളിൽ സംസ്ഥാന നേതൃതലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2001 ൽ എൽഡിഎഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് - ജോസഫിൽ ചേർന്നു. പാർട്ടി ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. തുടർന്നു സ്കറിയ തോമസ് വിഭാഗത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. സ്കറിയ തോമസിന്റെ നിര്യാണത്തെ തുടർന്ന് പാർട്ടി പിളരുകയും ഒരു വിഭാഗത്തിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രണ്ടു തവണ തിരുവനന്തപുരം നഗരസഭ കൗണ്‍സിലറും ടൗണ്‍ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അഡ്വ. ആർ. സതീഷ്കുമാറും പ്രവർത്തകരും എൻസിപിയിലേക്ക്
02:27 AM May 22, 2022 | Deepika.com