തിരുവനന്തപുരം: കെഎസ്ആർടിസിക്ക് എക്കാലവും സർക്കാർസഹായം നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സ്ഥാപനത്തിന് സർക്കാരിന് എക്കാലവും ശന്പളം കൊടുക്കാനാകുമോ. കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള പഠന റിപ്പോർട്ട് പൂർണമായി നടപ്പാക്കാൻ ശ്രമിക്കും. ഘടനാപരമായി പരിഷ്കാരങ്ങൾ വരണം. അതു നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സിഐടിയു അടക്കമുള്ള സിപിഎം അനുകൂല യൂണിയനുകൾ ഗതാഗതമന്ത്രിക്കെതിരേ രംഗത്തെത്തിയതിനു പിന്നാലെ മന്ത്രി ആന്റണി രാജുവിനു പൂർണ പിന്തുണയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റേത് തികച്ചും ശരിയായ നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിൽവർ ലൈൻ ഉൾപ്പെടെ പ്രഖ്യാപിച്ച ഒരു വികസന പദ്ധതിയിൽനിന്നും സർക്കാർ പിന്നോട്ടു പോകില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വികസനപദ്ധതികൾക്കെതിരായ കുപ്രചാരണങ്ങൾ തുറന്നുകാട്ടി ജനങ്ങളുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും അവ നടപ്പാക്കും. പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടു പോകില്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി പരിഷ്കരണം നടപ്പാക്കും
01:45 AM May 21, 2022 | Deepika.com