കൊച്ചി: വാഹനങ്ങള്‍ക്ക് ഭാരത് സീരീസ് (ബിഎച്ച് സീരീസ്) രജിസ്ട്രേഷന് നല്‍കണമെന്ന ഇടക്കാല ഉത്തരവു പാലിച്ചില്ലെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയടക്കമുള്ളവര്‍ നേരിട്ട് ഹാജരാകണമെന്ന ഇടക്കാല ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ 23ലേക്ക് മാറ്റി. തന്റെ വാഹനങ്ങള്‍ക്ക് ബിഎച്ച് സീരീസ് രജിസ്ട്രേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി മേരിസദന്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബിബി ബേബി നല്കിയ ഹര്‍ജിയില്‍ ഇതു നടപ്പാക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ഇതു പാലിച്ചില്ലെന്ന് ആരോപിച്ച് പിന്നീടു നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ 17നകം ഉത്തരവു പാലിക്കണമെന്നും ഇല്ലെങ്കില്‍ 20ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, എറണാകുളം ആര്‍ടിഒ എന്നിവര്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.
വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി ബിഎച്ച് രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയത്.
ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും നികുതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഇത് ഏര്‍പ്പെടുത്തിയത്. ബിഎച്ച് രജിസ്ട്രേഷനില്‍ വാഹന നികുതിയിലും ഇളവുണ്ട്. കേരളത്തില്‍ ഇതുവരെ ബിഎച്ച് രജിസ്ട്രേഷന് നടപ്പാക്കിയിട്ടില്ല
ബിഎച്ച് സീരീസ് രജിസ്ട്രേഷന്: ഇടക്കാല ഉത്തരവിനെതിരേ അപ്പീലുമായി സര്‍ക്കാര്‍
01:00 AM May 21, 2022 | Deepika.com