തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നത് മലപ്പുറം ജില്ലയിൽ. വീടുകളും വാണിജ്യാവശ്യത്തിനായി നിർമിക്കുന്ന കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയുടെ കണക്കാണിത്. 2019-20 സാന്പത്തിക വർഷത്തിൽ മലപ്പുറത്ത് 58039 കെട്ടിടങ്ങൾ നിർമിച്ചപ്പോൾ ഏറ്റവും കുറവ് കെട്ടിടനിർമാണം നടന്നത് പത്തനംതിട്ടയിൽ. 13405 എണ്ണം മാത്രമാണ് ഈ കാലയളവിൽ പത്തനംതിട്ടയിൽ നിർമാണം നടത്തിയത്.
ഇക്കണോമിക്സ് ആൻഡ് സ്റ്റ്ാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തിറക്കിയ കെട്ടിടങ്ങളുടെ സ്ഥിതിവിവരക്കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. 2019- 20 സാന്പത്തീക വർഷം സംസ്ഥാനത്ത് 429113 കെട്ടിടങ്ങളാണ് പുതുതായി നിർമിച്ചത്. ഒരു ചതുരശ്രകിലോമീറ്ററിൽ 15 കെട്ടിടങ്ങളാണ് ഇത്തരത്തിൽനിർമാണം പൂർത്തീകരിച്ചത്. 2018-19 നെ അപേക്ഷിച്ച് 2.13 ശതമാനം കെട്ടിടങ്ങളാണ് കൂടുതലായി നിർമിക്കപ്പെട്ടത്.
തിരുവനന്തപുരം ജില്ലയിൽ ആണ് കെട്ടിടങ്ങളുടെ സാന്ദ്രത ഏറ്റവും കൂടുതൽ ഒരു ചതുരശ്രകിലോമീറ്ററിൽ 26 കെട്ടിടങ്ങളാണ് ഇവിടെ പുതുതായി നിർമിക്കപ്പെടുന്നത്. എട്ടു കെട്ടിടങ്ങൾ മാത്രം നിർമിക്കപ്പെടുന്ന ഇടുക്കിയാണ് സാന്ദ്രതയിൽ ഏറ്റവും പിന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ മലപ്പുറം കുറ്റിപ്പുറം ബ്ലോക്കിൽ 7227 കെട്ടിടങ്ങൾ നിർമിച്ചപ്പോൾ ഏറ്റവും കുറവ് അട്ടപ്പാടിയാണ്. 631 എണ്ണംമാത്രം.
നഗരസഭകളിൽ പാലക്കാട് 2523 കെട്ടിടങ്ങൾ നിർമിച്ചപ്പോൾ പാലാ നഗരസഭാ പരിധിയിൽ 32 എണ്ണം മാത്രമാണ് ഈ കാലയളവിൽ നിർമിച്ചത്. സംസ്ഥാനത്ത് ആകെ നിർമിച്ച കെട്ടിടങ്ങളിൽ 77 ശതമാനവും പാർപ്പിട ആവശ്യങ്ങൾക്കായുള്ളതാണ്. താമസേതര ആവശ്യങ്ങൾക്കായി നിർമിച്ചവ 95708 എണ്ണം മാത്രം.
സംസ്ഥാനത്ത് ഗ്രാമീണമേഖലയിൽ 2012-13 വർഷത്തിൽ 325808 കെട്ടിടങ്ങളാണ് പുതുതായി നിർമിച്ചതെങ്കിൽ 2015 ആയപ്പോൾ 284926 ലേക്കു താഴ്ന്നു. എന്നാൽ 2019-20-ൽ ഈ മേഖലയിൽ വീണ്ടും ഉണർവ് അനുഭവപ്പെട്ടു. 339411 കെട്ടിടങ്ങളുടെ നിർമാണം ഈ കാലയളവിൽ പൂർത്തിയാക്കി. ഇതിൽ തന്നെ 265660 കെട്ടിടങ്ങൾ താമസത്തിനോ അനുബന്ധസംവിധാനങ്ങൾക്കോ ആയുള്ള കെട്ടിടങ്ങളാണ്.
2019-20-ൽ 73751 കെട്ടിടങ്ങൾ മാത്രമാണ് നോണ് റെസിഡൻഷ്യൽ വിഭാഗത്തിൽ നിർമിച്ചത്. ഗ്രാമ , നഗര മേഖലകൾ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുന്പോൾ 2018-19-ൽ ഗ്രാമീണ മേഖലയിൽ 327321 കെട്ടിടങ്ങൾ നിർമിക്കപ്പെട്ടപ്പോൾ നഗരപ്രദേശങ്ങളിൽ 92861 വീടുകളാണ് നിർമാണം പൂർത്തീകരിച്ചത്.
എന്നാൽ 2019-20 വർഷത്തിൽ ഗ്രാമപ്രദേശങ്ങളിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം 339411 ആയി ഉയർന്നപ്പോൾ നഗരപ്രദേശങ്ങളിലേത് 89702 ആയി കുറഞ്ഞു.
കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുന്നത് മലപ്പുറത്ത്; കുറവ് പത്തനംതിട്ടയിൽ
12:58 AM May 21, 2022 | Deepika.com