തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രൂപം നൽകിയിട്ടുള്ള ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായുള്ള സംസ്ഥാന നിയമ നിർമാണ സഭകളിലെ വനിതാ അംഗങ്ങളുടെ സമ്മേളനം ഈ മാസം 26,27 തീയതികളിൽ നടക്കുമെന്നു സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. 26ന് ഉച്ചയ്ക്ക് 12ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തന്പി മെന്പേഴ്സ് ലോഞ്ചിൽ പരിപാടി ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ നാലു സെക്ഷനുകളിലായി വിവിധ വിഷയങ്ങളിൽ ചർച്ച നടക്കുമെന്നും സ്പീക്കർ പറഞ്ഞു.
പാർലമെന്റിലെ ഇരുസഭകളിലെയും വനിതകളായ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള അംഗങ്ങളും വിവിധ സംസ്ഥാന നിയമസഭകളിലെ വനിതാ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, വനിതാ മന്ത്രിമാർ, സാമാജികർ എന്നിവരാണു സമ്മേളനത്തിലെ പ്രതിനിധികൾ. ആദ്യ സെഷനിൽ കോണ്‍സ്റ്റിറ്റ്യൂഷൻ ആന്റ് വിമണ്‍ റൈറ്റ്സ് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഗുജറാത്ത് നിയമസഭാ സ്പീക്കർ നിമാബെൻ ആചാര്യ, കനിമൊഴി എംപി, മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ, മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും.
നിയമ നിർമാണ സഭകളിലെ വനിതാ അംഗങ്ങളുടെ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
02:07 AM May 19, 2022 | Deepika.com