പേരാവൂര്‍: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സെന്റ് ജോസഫ്സ് പ്രൊവിന്‍ഷ്യല്‍ ഹൗസ് അമ്മ വീടായി വേറിട്ടൊരു ജൂബിലി ആഘോഷം. തിരുഹൃദയ സന്യാസിനി സമൂഹാംഗവും മംഗളൂരു സെന്റ് ആന്‍സ് കോളജിലെ രണ്ടാംവര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അലീനയുടെ മാതാപിതാക്കളായ പുലിക്കുരുമ്പയിലെ കല്ലിടുക്കനാനിക്കല്‍ ബെസി തോമസിന്റെയും ഡോളി ബെസിയുടെയും വിവാഹ രജതജൂബിലി ആഘോഷമാണ് തൊണ്ടിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നത്.
ബെസി തോമസിന്റെയും ഡോളിയുടെയും മകനും സിസ്റ്റര്‍ അലീനയുടെ സഹോദരനുമായ അലന് പത്തൊമ്പതാമത്തെ വയസില്‍ 2019 ഒക്ടോബര്‍ 29 ന് പുലിക്കുരുമ്പ മണ്ടളം പള്ളിക്കു സമീപമുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഓട്ടോമൊബൈല്‍ കോഴ്സിന്റെ പരീക്ഷാഫലം കാത്തിരിക്കുമ്പോഴാണ് അലനെ മരണം തട്ടിയെടുത്തത്.
അലന്റെ മരണശേഷം കുടുംബത്തില്‍ മക്കളായി അലീന മാത്രം അവശേഷിച്ചു. നിത്യവ്രതം ചെയ്യാത്ത സാഹചര്യത്തില്‍ സന്യാസവൃത്തി ഉപേക്ഷിച്ച് അലീനയ്ക്കു വീട്ടിലേക്കു തിരികെപ്പോകാന്‍ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഭാഗമായി തുടരാന്‍ സിസ്റ്റര്‍ അലീന ഉറച്ച തീരുമാനം കൈക്കൊള്ളുകയായിരുന്നു. മാതാപിതാക്കളും മകളുടെ തീരുമാനത്തിനൊപ്പം നിന്നു.
കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ട്രീസാ പാലയ്ക്കല്‍ മാതാപിതാക്കളുടെ രജതജൂബിലി വർഷമാണെന്നറിഞ്ഞു. മകൻ മരിച്ച സാഹചര്യത്തിലും മകൾ സന്യാസിനിയായതിനാലും ജൂബിലി ആഘോഷം വേണ്ടെന്നു വച്ചിരിക്കുകയാണെന്ന് മനസിലാക്കി. മകനില്ലെങ്കിലും മകള്‍ ഉള്ള സന്യാസഭവനം അവളുടെ അമ്മവീടാണെന്ന ബോധ്യവുമായി സിസ്റ്റര്‍ ട്രീസാ പാലയ്ക്കല്‍ ജൂബിലി ആഘോഷം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വച്ച് നടത്താന്‍ സഹപ്രവർത്തകർക്കൊപ്പം തീരുമാനമെടുക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന ജൂബിലി ആഘോഷവേദി മനുഷ്യത്വത്തിന്റെയും നന്മയുടെയും കൂടി ആഘോഷമായി മാറി.
പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നടന്ന കൃതജ്ഞതാബലിക്ക് ഫാ. ആന്റണി ആനക്കല്ലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടർന്ന് പ്രൊവിന്‍ഷ്യല്‍ ഹൗസ് ഹാളില്‍ നടന്ന അനുമോദനസമ്മേളനം പേരാവൂർ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയ വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ട്രീസാ പാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോർജ് തെക്കുംചേരി, ഇടവക-കോ-ഓർഡിനേറ്റർ ജോജോ കൊട്ടാരംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
പ്രൊവിന്‍ഷ്യല്‍ ഹൗസ് അമ്മവീടായി, വേറിട്ടൊരു ജൂബിലി ആഘോഷം
02:10 AM May 18, 2022 | Deepika.com