തിരുവനന്തപുരം: ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ഞായറാഴ്ച നറുക്കെടുക്കുന്ന ലോട്ടറി പുറത്തിറക്കി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില.
പുതിയ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ടിക്കറ്റുകൾ ഇന്നലെ മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങി. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്.
കേരള ലോട്ടറിയുടെ പേരിൽ ഓണ്‍ലൈനിലടക്കം നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരള ലോട്ടറിയുടെ ആകർഷണീയത ഉപയോഗിച്ചാണ് ഇത്തരം ദുരുപയോഗം നടക്കുന്നത്. ഒരേ നന്പർ ഒന്നിച്ചു കെട്ടാക്കി ടിക്കറ്റുകൾ വിൽക്കുന്ന പ്രവണതയും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ സർക്കാർ ശക്തമായ നടപടിയെടുക്കും. ലോട്ടറിയടിക്കുന്നവർക്കു സമ്മാനത്തുക കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് സാന്പത്തിക പരിശീലനം നൽകുന്നതിനെക്കുറിച്ചും വകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഫിഫ്റ്റി-ഫിഫ്റ്റി’ ലോട്ടറിയുടെ ആദ്യവിൽപ്പനയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ലോട്ടറി ഏജന്റുമാർ മന്ത്രിയിൽനിന്ന് ടിക്കറ്റുകൾ ഏറ്റുവാങ്ങി.
ഞായറാഴ്ച പുതിയ ലോട്ടറി, ഫിഫ്റ്റി-ഫിഫ്റ്റി; വില 50 രൂപ
01:47 AM May 17, 2022 | Deepika.com