കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പേ പറഞ്ഞുകേട്ട എഎപി-ട്വന്റി 20 സഖ്യം ഒടുവില്‍ യാഥാര്‍ഥ്യമായി. ഏറെ കരുതലോടെയും കണക്കുകൂട്ടലുകളോടെയുമാണ് കേരളത്തില്‍ പുതിയ സഖ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പരീക്ഷണത്തിനിറങ്ങുന്നത്. സംസ്ഥാനത്തെ വിവാദവിഷയങ്ങളിലൊന്നും തൊടാതെയും മറ്റു പാര്‍ട്ടികളെ കുറ്റപ്പെടുത്താതെയുമായിരുന്നു ഇന്നലെ കിഴക്കമ്പലത്ത് സഖ്യപ്രഖ്യാപന സമ്മേളനത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നതുതന്നെ ഈ കരുതലിന്റെ തെളിവായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഖ്യം എന്തു നിലപാടാവും കൈക്കൊള്ളുകയെന്ന് അദ്ദേഹം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല എന്നു മാത്രമല്ല ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും അദ്ദേഹം നടത്തിയില്ല എന്നതും ശ്രദ്ധേയമായി. എല്ലാ പാര്ട്ടികളില്നിന്നുമുള്ളവരെ സഖ്യത്തിന്റെ ഭാഗമാക്കുക എന്നതു തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തം.
കേരളത്തിലെ രണ്ടു പ്രബലമുന്നണികള്ക്കും ചെറിയതോതിലെങ്കിലും ആശങ്ക പകരുന്നതാണ് ഇന്നലെ കിഴക്കമ്പലത്ത് തടിച്ചുകൂടിയ ജനസഞ്ചയം. ട്വന്റി-20 പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ എഎപി പ്രവര്‍ത്തകര്‍ എത്തിയെന്നതും പുതിയ സഖ്യത്തിന് പ്രതീക്ഷ നല്കുന്നു.
തൃക്കാക്കര: നയം വ്യക്തമാക്കാതെ കേജരിവാള്‍
01:48 AM May 16, 2022 | Deepika.com