കോഴിക്കോട്: നടിയും മോഡലുമായ ഷഹാന(20)യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്ന് കച്ചവടക്കാരനെന്ന് പോലീസ്. പറമ്പില്‍ ബസാറിലെ ഇയാളുടെ വാടകവീട്ടില്‍നിന്ന് കഞ്ചാവ് പൊതിയാന്‍ ഉപയോഗിക്കുന്ന കവറുകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സാധനസാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.
ഹുക്ക പോലെയുള്ള പ്ളാസ്റ്റിക് നിര്‍മിത വസ്തു ഇവിടെനിന്ന് കിട്ടിയിട്ടുണ്ട്. ഇതു മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ളതാണെന്ന് സംശയമുണ്ട്. എന്നാല്‍, മയക്കുമരുന്ന് കിട്ടിയിട്ടില്ല. ഫുഡ് ഡെലിവറിയുടെ മറവില്‍ ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായാണ് കരുതുന്നത്. സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് സജ്ജാദ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. കമ്മിഷണര്‍ കെ. സുദര്ശന് പറഞ്ഞു.
ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് സജ്ജാദിനെ ഇന്നലെ ചോദ്യം ചെയ്തശേഷം പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷഹാനയെ മര്‍ദിച്ചിരുന്നതായി സജ്ജാദ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഷഹാനയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ശരീരത്തില്‍ മര്ദനമറ്റേതിന്റെ പാടുകളുണ്ട്.
ഷഹാനയുടെ മരണം: സജ്ജാദ് മയക്കുമരുന്ന് കച്ചവടക്കാരന്
01:26 AM May 15, 2022 | Deepika.com