കോഴിക്കോട്: മലപ്പുറം ജില്ലയിലെ പാതിരിമണ്ണ ദാറുൽ ഉലൂം മദ്റസയുടെ കെട്ടിടം ഉദ്ഘാടന ചടങ്ങിലെ വേദിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ അപമാനിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോർഡ് നിർവാഹക സമിതിയോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
വേദിയിലുണ്ടായിരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസലിയാരടക്കമുള്ള നേതാക്കൾ ആരും തന്നെ കുട്ടിയെ വേദിയിൽവച്ച് ഉപഹാരം സ്വീകരിക്കുന്നതിന് യാതൊരുവിധ വിലക്കും ഏർപ്പെടുത്തിയിരുന്നില്ല. ഉപഹാരം സ്വീകരിച്ച് കുട്ടി സന്തോഷപൂർവമാണ് വേദിയിൽനിന്ന് ഇറങ്ങിയത്. ഇതു ദൃശ്യമാധ്യമങ്ങൾ കണ്ടവർക്കൊക്കെ ബോധ്യമാവും. ഇക്കാര്യം കുട്ടിയും രക്ഷിതാക്കളും തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.
പൊതുവേദികളിൽ മുതിർന്ന പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരിക്കലാണ് സമസ്തയുടെ കീഴ് വഴക്കം. ഇക്കാര്യം സംഘാടകരോട് പറയുക മാത്രമാണ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി കൂടിയായ എം.ടി. അബ്ദുള്ള മുസലിയാർ ചെയ്തതെന്നും നിർവാഹക സമിതി യോഗം അറിയിച്ചു.
പെൺകുട്ടിയെ സ്റ്റേജിൽ അപമാനിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധം: സമസ്ത
01:26 AM May 15, 2022 | Deepika.com