ഗുരുവായൂർ: ഗുരുവായൂരിൽ വൻ കവർച്ച. 371 പവനും രണ്ടു ലക്ഷവും കവർന്നു. ഗുരുവായൂർ ആനക്കോട്ട-കോട്ടപ്പടി മെയിൻ റോഡിൽ തന്പുരാൻപടിക്കടുത്ത ‘അശ്വതി’യിൽ കുരഞ്ഞിയൂർ കെ.വി. ബാലന്റെ വീട്ടിലാണു കവർച്ച നടന്നത്.
വീട്ടുകാർ സിനിമയ്ക്കുപോയ സമയത്തു വീടുകുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു കിലോയുടെ രണ്ടു സ്വർണ ബാറുകൾ, 15 പവൻ വീതമുള്ള മൂന്നു ബാറുകൾ, ഭാര്യയുടെയും മകളുടെയും 40 പവന്റെ ആഭരണങ്ങൾ, രണ്ടുലക്ഷം രൂപ എന്നിവയാണു നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2.30 നു വീട്ടുടമ ബാലനും കുടുംബവും ശോഭ സിറ്റിയിൽ സിനിമയ്ക്കു പോയ സമയത്തായിരുന്നു കവർച്ച. സിനിമ കഴിഞ്ഞു രാത്രി ഒന്പതരയോടെ ഇവർ തിരിച്ചെത്തി വീടിന്റെ മുൻഭാഗത്തെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ ഉള്ളിൽനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. പിൻഭാഗത്തെ കോണിപ്പടിയിലൂടെ മുകളിലെത്തി നോക്കിയപ്പോഴാണ് മുകൾനിലയിലെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. താഴത്തെ മുറിയിൽ എത്തിയപ്പോഴാണ് അലമാര തകർത്തു സ്വർണവും പണവും കവർന്നതറിയുന്നത്.
മുകളിലെ നാലു ബെഡ്റൂമുകളിലും മോഷ്ടാവ് കയറിയിട്ടില്ല. സ്വർണം സൂക്ഷിച്ചിരുന്ന മുറിക്കുള്ളിലെ അലമാരയാണു മോഷ്ടാവ് കൃത്യമായി തകർത്തു സ്വർണവും പണവും കവർന്നത്. ഇതിനോടുചേർന്നുള്ള അലമാരയും തുറന്നുകിടന്നിരുന്നു. ഇവർ സിനിമയ്ക്കു പോകുന്പോൾ വീട്ടിൽ ജോലിക്കാരൻ ഉണ്ടായിരുന്നു. ഇയാൾ വൈകുന്നേരം അഞ്ചോടെ ഗേറ്റ് പൂട്ടി പോയിരുന്നു. രാത്രി 7.20നും 8.30നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. ഒരാൾ ബാഗും തൂക്കി പോകുന്നതു സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
വീടിന്റെ തെക്കുഭാഗത്തെ മതിൽ ചാടിക്കടന്നാണു മോഷ്ടാവ് എത്തിയിട്ടുള്ളത്. മതിലിൽ മോഷ്ടാവിന്റേതെന്നുകരുതുന്ന കാൽപ്പാടുകളുണ്ട്. വീടിനു പുറത്തു തെക്കുഭാഗത്തെ ബാത്ത് റൂമിന്റെ പുറത്തെ ലൈറ്റ് ഇടാറുണ്ട്. ഈ ബൾബ് ഊരി മുകൾഭാഗത്തുവച്ച നിലയിലായിരുന്നു.
40 വർഷമായി ബാലൻ വിദേശത്തു ജ്വല്ലറി വ്യാപാരിയാണ്. അഞ്ചുമാസമായി നാട്ടിലുണ്ട്. ബാലന്റെ മകൻ വിദേശത്തും മകൾ മുണ്ടൂരുമാണു താമസം. ഒന്നരമാസം മുന്പാണ് വീട്ടിലെ പെയിന്റിംഗ് പണി പൂർത്തിയാക്കിയത്. സ്വർണം ഇരിക്കുന്ന സ്ഥലം കൃത്യമായി അറിയാവുന്ന ആളാകാം മോഷണം നടത്തിയതെന്നാണു കരുതുന്നത്.
ഗുരുവായൂർ എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ സിഐമാരായ സി. പ്രേമാനന്ദ കൃഷ്ണൻ, പി.കെ. മനോജ് കുമാർ സയന്റിഫിക് ഒഫീസർ തൊയ്ബ കൊട്ടേക്കാട്, വിരലടയാള വിദഗ്ധൻ യു. രാമദാസ്, പി.ആർ. ഷൈന, കെ.എസ്. ദിനേഷ്, എസ്ഐ ഗിരി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഗുരുവായൂരിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; 371 പവനും രണ്ടു ലക്ഷവും കവർന്നു
01:18 AM May 14, 2022 | Deepika.com